മക്ക സംയുക്ത പ്രതിരോധ കരാറിനെ ' ഇസ്‌ലാമിക് നാറ്റോ ' എന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്.
ധാക്ക: സൗദി അറേബ്യ, പാക്കിസ്ഥാന്‍, തുര്‍ക്കി എന്നിവര്‍ ചേര്‍ന്ന് ഈ മാസം 7-ന് ഒപ്പുവച്ച 'മക്ക സംയുക്ത പ്രതിരോധ കരാര്‍' (Mecca Joint Defence Agreement) എന്ന പുതിയ സൈനിക സഖ്യത്തില്‍ ചേരുന്നതിനുള്ള സാധ്യത ബംഗ്ലാദേശ് പരിശോധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ തലത്തിലുള്ള പങ്കാളിത്തങ്ങള്‍ വിപുലീകരിക്കാനും സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ബംഗ്ലാദേശിന്‍റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ നീക്കം.
ഇന്ത്യയും ചൈനയുമായുള്ള ബന്ധത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ബംഗ്ലാദേശ് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. എങ്കിലും, സമീപകാലത്തെ ഭൗമരാഷ്‌ട്രീയ മാറ്റങ്ങളും അതിര്‍ത്തി, ജലപങ്കിടല്‍ തുടങ്ങിയ വിഷയങ്ങളില്‍ ന്യൂഡല്‍ഹിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളുമാണു വിശാലമായ സുരക്ഷാ സഹകരണങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ധാക്കയെ പ്രേരിപ്പിച്ചിരിക്കുന്നത്.
മക്ക സംയുക്ത പ്രതിരോധ കരാറിനെ ' ഇസ്‌ലാമിക് നാറ്റോ ' എന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്‍റ് തയ്യിപ് എര്‍ദോഗന്‍, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ ചേര്‍ന്ന് മക്കയില്‍ വച്ചാണ് 'മക്ക സംയുക്ത പ്രതിരോധ കരാര്‍' ഒപ്പുവച്ചത്.
ഈ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലുമൊന്നിനു നേരെയുണ്ടാകുന്ന സായുധ ആക്രമണത്തെ എല്ലാവര്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുന്ന കൂട്ടായ പ്രതിരോധ വ്യവസ്ഥ ഈ കരാറില്‍ ഉള്‍പ്പെടുന്നു. പ്രതിരോധ ഉത്പാദനം, സാങ്കേതികവിദ്യ കൈമാറ്റം, സംയുക്ത സൈനികാഭ്യാസങ്ങള്‍ എന്നിവയില്‍ സഹകരണം ഉറപ്പാക്കുന്ന വ്യവസ്ഥകളും ഈ കരാറിലുണ്ട്.
ഈ കരാര്‍ 'പൂര്‍ണമായും പ്രതിരോധപരമായ ഒന്നാണെന്ന്'വിശേഷിപ്പിച്ച പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍, മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാമെന്ന് വ്യക്തമാക്കിയിരുന്നു. 'ബംഗ്ലാദേശ് ഫസ്റ്റ്' എന്ന നയത്തിന്റെ അടിസ്ഥാനത്തില്‍, പാക്കിസ്ഥാന്‍, തുര്‍ക്കി, സൗദി എന്നീ മൂന്ന് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സാമ്പത്തിക അല്ലെങ്കില്‍ പ്രതിരോധ സഹകരണ സംവിധാനത്തോട് ധാക്കയ്ക്ക് 'അനുകൂലമായ സമീപനമാണുള്ളതെന്ന്' ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് ഹുമയൂണ്‍ കബീര്‍ ഈ മാസം പകുതി വ്യക്തമാക്കിയിരുന്നു.