ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി
file photo
ടെഹ്റാൻ: ഇറാനിൽ ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. ഇറാനിൽ ഇന്ത്യക്കാരെയും അഫ്ഗാൻ പൗരന്മാരെയും അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ടുകൾ വ്യാജമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി വ്യക്തമാക്കി.
ചില വിദേശ എക്സ് അക്കൗണ്ടുകളിൽ പ്രചരിക്കുന്ന ഇറാനിലെ സംഭവ വികാസങ്ങളെ കുറിച്ചുള്ള വാർത്തകൾ പൂർണമായും തെറ്റാണെന്ന് ഇറാന്‍റെ ഇന്ത്യൻ സ്ഥാനപതി മുഹമ്മദ് ഫത്താലി പറഞ്ഞു. ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ വർധിച്ചു വരുന്ന സാഹചര്യം നിലവിലുണ്ട്.
ഇറാനിൽ 500ലധികം പേർ കൊല്ലപ്പെട്ടു എന്ന യുഎസ് ആസ്ഥാനമാക്കിയുള്ള ഹ്യൂമൻ റൈറ്റ്സ് ആക്റ്റിവിസ്റ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ ഇറാൻ അംബാസിഡർ ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വാർത്തകൾ ശേഖരിക്കണം എന്ന് ഇന്ത്യൻ സ്ഥാനപതി മുഹമ്മദ് ഫത്താലി അഭ്യർഥിച്ചു.
ഇറാനിയൻ പൊലീസ് പത്തോളം അഫ്ഗാൻ പൗരന്മാരെയും ആറ് ഇന്ത്യൻ പൗരന്മാരെയും അവരുടെ ഇറാനിയൻ പങ്കാളികളോടൊപ്പം അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികളെ കുറിച്ച് വിദേശ മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് ഇറാൻ ആവർത്തിച്ച് ആരോപിക്കുന്നു. ഇറാനിലെ ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരാണെന്ന് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്‍റ്സ് അസോസിയേഷൻ, ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് എന്നീ മെഡിക്കൽ സംഘടനകൾ സ്ഥിരീകരിച്ചു.