ബഹിരാകാശ യാത്രികന്‍റെ ആരോഗ്യ നില ഗുരുതരം: ദൗത്യം വെട്ടിച്ചുരുക്കി നാസ
file photo
വാഷിങ്ടൺ: നാസയുടെ ബഹിരാകാശ യാത്രികന്‍റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ബഹിരാകാശ ദൗത്യം വെട്ടിച്ചുരുക്കാൻ നാസ. രോഗബാധിതനായ ബഹിരാകാശ യാത്രികനെയും മൂന്നു ക്രൂ അംഗങ്ങളെയും ഭൂമിയിലേയ്ക്ക് തിരികെ കൊണ്ടു വരാനാണ് നാസ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തീരുമാനിച്ചതിലും ഒരു മാസം മുമ്പേ നാസ യാത്രികരെ തിരികെ എത്തിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
രോഗബാധിതനെ കുറിച്ചോ രോഗത്തെ കുറിച്ചോ നാസ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. മെഡിക്കൽ വിദഗ്ധർക്ക് ഒപ്പമായിരിക്കും യാത്രികനെ തിരിച്ചയയ്ക്കുക എന്ന് വാഷിങ്ടണിൽ നടന്ന പത്രസമ്മേളനത്തിൽ നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ക്രൂ-11ലെ നാലു ക്രൂ അംഗങ്ങളിൽ ആർക്കാണ് മെഡിക്കൽ പ്രശ്നമുള്ളതെന്നോ രോഗിയായ അംഗത്തിന് ഏതു തരത്തിലുള്ള അസുഖമാണ് ഉള്ളതെന്നോ നാസ വ്യക്തമാക്കിയില്ല.ക്രൂ അംഗത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്ത് നാസ ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന ബഹിരാകാശ നടത്തം മാറ്റി വച്ചു.