വെടിനിര്‍ത്തല്‍ ഖമനേയിയുടെ രക്തസാക്ഷിത്വത്തിന്‍റെ ഫലം: ഇറാന്‍ പ്രസിഡന്‍റ്

 

file photo

World

വെടിനിര്‍ത്തല്‍ ഖമനേയിയുടെ രക്തസാക്ഷിത്വത്തിന്‍റെ ഫലം: ഇറാന്‍ പ്രസിഡന്‍റ്

ടെഹ്‌റാന്‍ വെടിനിര്‍ത്തലിന് യാചിച്ചു: പീറ്റ് ഹെഗ്‌സെത്ത്

Reena Varghese, MV Desk

ടെഹ്‌റാന്‍: യുഎസ് പ്രഖ്യാപിച്ച വെടിനിര്‍ത്തലിനെ ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ ത്യാഗത്തിന്‍റെയും ഇറാനിയന്‍ ജനതയുടെ ഐക്യത്തിന്‍റെയും നേരിട്ടുള്ള ഫലമാണെന്ന് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാന്‍ വിശേഷിപ്പിച്ചു. ബുധനാഴ്ച യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരേയുള്ള സൈനിക നടപടി രണ്ടാഴ്ചത്തേയ്ക്ക് താത്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണു പെസെഷ്‌കിയാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇക്കാര്യം കുറിച്ചത്.

പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഒന്നിലധികം രാജ്യങ്ങള്‍ ഉള്‍പ്പെട്ട സംഘം നടത്തിയ അവസാന നിമിഷ നയതന്ത്ര ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. 39 ദിവസം നീണ്ടുനിന്ന സംഘര്‍ഷം ആഗോളതലത്തില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. എണ്ണ വിലയിലെ ചാഞ്ചാട്ടവും, കപ്പല്‍ ഗതാഗതത്തിനുള്ള പാതയില്‍ നേരിട്ട തടസവുമൊക്കെ അവയില്‍ ചിലതായിരുന്നു. ഇതിനു പുറമെ യുദ്ധം വ്യാപിക്കുമെന്ന ഭയവും ലോകത്തെ ആശങ്കപ്പെടുത്തി. സംഘര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഇറാനിയന്‍ നേതാക്കള്‍ കൊല്ലപ്പെട്ടത് സ്ഥിതി കൂടുതല്‍ വഷളാക്കിയിരുന്നു.

രണ്ടാഴ്ചത്തേക്ക് യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍

പശ്ചിമേഷ്യയില്‍ 40 ദിവസമായി തുടര്‍ന്നുവന്ന സംഘര്‍ഷങ്ങള്‍ക്ക് വിരാമം. ഇറാനെതിരായ സൈനിക ആക്രമണം രണ്ടാഴ്ചത്തേയ്ക്കു നിര്‍ത്തിവയ്ക്കുന്നതായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച ' ട്രൂത്ത് സോഷ്യലിലൂടെ ' അറിയിച്ചു. ട്രംപിന്‍റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് അറിയിച്ചു.

നാളെ ഇസ്‌ലാമാബാദില്‍ നടക്കുന്ന ചര്‍ച്ചയില്‍ യുഎസിലെയും ഇറാനിലെയും ഉന്നത ഉദ്യോഗസ്ഥര്‍ അടുത്ത ഘട്ടത്തെ കുറിച്ച് ആസൂത്രണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ഇറാനുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്നും യുറേനിയം സമ്പുഷ്ടീകരണം ഇല്ലെന്ന് ഉറപ്പാക്കുമെന്നും താരിഫ്, ഉപരോധ ഇളവുകള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുഎസ് എല്ലാ സൈനിക ലക്ഷ്യങ്ങളും ഇതിനോടകം കൈവരിച്ചെന്നും ഇറാനുമായി ഒരു ശാശ്വത സമാധാന കരാറിലേര്‍പ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

സ്വാഗതം ചെയ്ത് ഇന്ത്യ

സ്വാഗതം ചെയ്ത് ഇന്ത്യ

അമെരിക്കയും ഇറാനും തമ്മില്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനെ ഇന്ത്യ സ്വാഗതം ചെയ്തു. പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിന് തീരുമാനം വഴിയൊരുക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സംഭാഷണം, നയതന്ത്രം എന്നിവ അത്യന്താപേക്ഷിതമാണെന്നതാണ് ഇന്ത്യയുടെ ദീര്‍ഘകാല നിലപാടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ടെഹ്‌റാന്‍ വെടിനിര്‍ത്തലിന് യാചിച്ചു: പീറ്റ് ഹെഗ്‌സെത്ത്

ടെഹ്‌റാന്‍ വെടിനിര്‍ത്തലിന് യാചിച്ചു: പീറ്റ് ഹെഗ്‌സെത്ത്

വെടിനിര്‍ത്തലിന് വേണ്ടി ടെഹ്‌റാന്‍ യാചിച്ചുവെന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇറാനെതിരായ 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ' യില്‍ വാഷിങ്ടണ്‍ നിര്‍ണായക വിജയം നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഹെഗ്സെത്ത്. വന്‍തോതില്‍ നടത്തിയ ആക്രമണങ്ങളിലൂടെ ഇറാന്‍റെ സൈനികശേഷിക്ക് യുഎസ് കനത്ത പ്രഹരം ഏല്‍പ്പിച്ചെന്നും ഇറാന്‍റെ മിസൈല്‍ പദ്ധതി നശിപ്പിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു