ഭരണം തുടരും: കെയ്ർ സ്റ്റാർമർ

 
World

ഭരണം തുടരും: കെയ്ർ സ്റ്റാർമർ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ലേബർ പാർട്ടിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി

Reena Varghese

ലണ്ടൻ: തനിക്കെതിരേ പാർട്ടിയിൽ ഔദ്യോഗികമായ വെല്ലുവിളികൾ ഒന്നുമില്ലെന്നും രാജ്യം ഏൽപ്പിച്ച ഭരണപരമായ ഉത്തരവാദിത്തങ്ങളുമായി മുന്നോട്ടു പോകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. തന്‍റെ മന്ത്രിസഭയിലാണ് സ്റ്റാർമർ ഈ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞയാഴ്ച നടത്തിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ലേബർ പാർട്ടിയുടെ തിരിച്ചടിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. എന്നാൽ2024ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ ഏറുമ്പോൾ ജനങ്ങൾക്ക് നൽകിയ മാറ്റത്തിന്‍റെ വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തവും തനിക്കുണ്ടെന്നും സ്റ്റാർമർ ഓർമിപ്പിച്ചു.

നേതാവിനെ മാറ്റുന്നതിന് ലേബർ പാർട്ടിയിൽ കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടെന്നും അവയൊന്നും ഇതുവരെ ആരും ആരംഭിച്ചിട്ടില്ലെന്നും ഡൗണിങ് സ്ട്രീറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ സ്റ്റാർമർ വ്യക്തമാക്കി. രാജ്യം നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത് കാര്യക്ഷമമായ ഭരണമാണ്. താനും തന്‍റെ മന്ത്രിസഭയും ആ ലക്ഷ്യത്തിലേയ്ക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്‍റെ നേതൃത്വത്തെ ചോദ്യം ചെയ്യാൻ തയാറെടുക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ പ്രസ്താവനയെ കാണുന്നത്.കെയ്ർ സ്റ്റാർമറെ പുറത്താക്കണമെങ്കിൽ ഏതൊരു എതിരാളിക്കും കുറഞ്ഞത് 81ലേബർ പാർട്ടി എംപിമാരുടെ പിന്തുണ ആവശ്യമാണ്.കഴിഞ്ഞ കൺസർവേറ്റീവ് സർക്കാറിന്‍റെ അവസാന വർഷങ്ങളിൽ രാജ്യം കണ്ടതുപോലെയുള്ള രാഷ്ട്രീയ അസ്ഥിരതയിലേക്ക് ബ്രിട്ടനെ മടക്കിക്കൊണ്ടുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ അനിശ്ചിതത്വങ്ങൾ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തിയെന്നും ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാധാരണ കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മന്ത്രിസഭയെ ഓർമ്മിപ്പിച്ചു. താൻ പതറില്ലെന്ന ഉറച്ച നിലപാടിലൂടെ പാർട്ടിയിലെ വിമതർക്ക് വെല്ലുവിളി ഉയർത്തുകയാണ് സ്റ്റാർമർ ചെയ്തിരിക്കുന്നത്.

ഹോംഗ്രൗണ്ടിൽ ഗുജറാത്ത് ടൈറ്റൻസിനെ പൂട്ടി സൺറൈസേഴ്സ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്