അലാസ്കയിൽ മെഗാ സുനാമി

 
World

അലാസ്കയിൽ മെഗാ സുനാമി

വിനോദ സഞ്ചാരമേഖലയ്ക്ക് ഭീഷണിയായി വൻ മലയിടിച്ചിലും രാക്ഷസത്തിരമാലയും

Reena Varghese

സെക്കൻഡിൽ എഴുപത് മീറ്ററിലധികം വേഗതയിൽ സഞ്ചരിച്ച 100 മീറ്റർ ഉയരമുള്ള ഒരു രാക്ഷസ സുനാമി തിരമാല സമുദ്ര നിരപ്പിൽ നിന്ന് 481 മീറ്റർ ഉയരത്തിൽ വരെ എത്തിച്ചേർന്നു. ആധുനിക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സുനാമി തരംഗങ്ങളിൽ ഒന്നാണിത്

ജൂനോ: പ്രകൃതി സ്നേഹികളുടെ പറുദീസയാണ് അലാസ്കയിലെ ഫ്യോർഡുകൾ. ഇവിടെ വൻ മലയിടിച്ചിലിനെ തുടർന്ന് ഭീമാകാരമായ രാക്ഷസത്തിരമാലകൾ രൂപപ്പെട്ടതായി ശാസ്ത്രലോകം മുന്നറിയിപ്പു നൽകുന്നു. സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രകൃതി ദുരന്തത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

ശാസ്ത്രജ്ഞനായ ഡാൻ ഷുഗറുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഭൗമശാസ്ത്രജ്ഞരുടെ സംഘമാണ് ട്രേസി ആം ഫ്യോർഡിൽ ഉണ്ടായ ഈ ഭീകര പ്രതിഭാസത്തെ കുറിച്ച് പഠനം നടത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ആഗോള താപനം മൂലം ധ്രുവപ്രദേശങ്ങളിലെ ഭീമൻ മഞ്ഞു മലകൾ അതിവേഗം ഉരുകി മാറിക്കൊണ്ടിരിക്കുകയാണ്.

ആയിരക്കണക്കിന് വർഷങ്ങളായി താഴ്വരയിലെ പാറക്കെട്ടുകളെ താങ്ങി നിർത്തിയിരുന്ന മഞ്ഞു പാളികൾ ഇല്ലാതായതോടെ ഈ ചരിവുകൾ അതീവ അപകടാവസ്ഥയിൽ ആവുകയും മലയിടിച്ചിലിലേയ്ക്ക് നയിക്കുകയും ആയിരുന്നു എന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് പത്തിന് പുലർച്ചെയാണ് പർവത നിരകളിൽ നിന്ന് 64 ദശലക്ഷം ക്യുബിക് മീറ്ററിലധികം പാറക്കൂട്ടങ്ങൾ സൗത്ത് സോയർ ഗ്ലേസിയറിന് സമീപമുള്ള ഫ്യോർഡിലെ ഇടുങ്ങിയ ജലാശയത്തിലേയ്ക്ക് പതിച്ചത്. ഈ വൻ തകർച്ച സെക്കൻഡിൽ എഴുപത് മീറ്ററിലധികം വേഗതയിൽ സഞ്ചരിച്ച 100 മീറ്റർ ഉയരമുള്ള ഒരു രാക്ഷസ സുനാമി തിരമാലയ്ക്ക് കാരണമായി.

മലയിടിച്ചിലിന്‍റെ ആഘാതത്തിൽ മുന്നോട്ട് കുതിച്ച ജലപ്രവാഹം മറുതീരത്തെ കുത്തനെയുള്ള പർവത ചരിവുകളിലേയ്ക്ക് അടിച്ചു കയറുകയും സമുദ്ര നിരപ്പിൽ നിന്ന് 481 മീറ്റർ ഉയരത്തിൽ വരെ എത്തിച്ചേരുകയും ചെയ്തു.

ആധുനിക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സുനാമി തരംഗങ്ങളിൽ ഒന്നാണിത്. ഈ പ്രകൃതിക്ഷോഭത്തിൽ പ്രദേശത്തെ പച്ചപ്പു നിറഞ്ഞ വനമേഖല പൂർണമായും തകരുകയും ഭൂപ്രകൃതിക്ക് വൻ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു.

ഓരോ വേനൽക്കാലത്തും ക്രൂയിസ് കപ്പലുകളിലും ചെറിയ ബോട്ടുകളിലുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഹിമാനികളും മലനിരകളും കാണാൻ അലാസ്കയിലെ ഈ ഉൾക്കടലുകളിൽ എത്തുന്നത്. ശാന്തവും മനോഹരവുമായി കാണപ്പെടുന്ന ഈ പ്രദേശങ്ങൾ പ്രകൃതിദത്തമായ വലിയൊരു അപകടസാധ്യതയാണ് ഇപ്പോൾ ഒളിപ്പിച്ചിരിക്കുന്നതെന്ന് ഈ സംഭവം തെളിയിക്കുന്നു.

അലാസ്കയിലെ സാഹസിക വിനോദ സഞ്ചാര മേഖലയ്ക്ക് ഈ പ്രതിഭാസം വലിയൊരു ഭീഷണിയാണ്. ഈ സാഹചര്യത്തിൽ അപകടസാധ്യതയുള്ള മലഞ്ചെരിവുകൾ കൃത്യമായി മാപ്പ് ചെയ്യാനും വിനോദ സഞ്ചാരികളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കാനും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പഠന റിപ്പോർട്ട് പറയുന്നു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ