യുഎസിൽ സീപ്ലെയിൻ കടലിൽ വീണു: എല്ലാവരെയും രക്ഷപ്പെടുത്തി

 
World

യുഎസിൽ സീപ്ലെയിൻ കടലിൽ വീണു: എല്ലാവരെയും രക്ഷപ്പെടുത്തി

വിമാനത്തിൽ ഉണ്ടായിരുന്നത് പത്തു യാത്രക്കാരും പൈലറ്റും, ഒരാളുടെ നില ഗുരുതരം.

Reena Varghese

വാഷിങ്ടൺ: വാഷിങ്ടണിന്‍റെ തീരത്തോടു ചേർന്ന് 11 പേരുമായി സഞ്ചരിച്ച സീപ്ലെയിൻ കടലിൽ തകർന്നു വീണ് തീ പിടിച്ചു. അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റതായും ഒരാളുടെ നില ഗുരുതരമാണെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും പ്രാദേശിക അധികൃതരും അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് പ്രാദേശിക സമയം വൈകുന്നേരം 5.20 ഓടെയാണ് ഡി ഹാവിലാൻഡ് ഡിഎച്ച്എസ് സി-3 സീപ്ലെയിൻ വാഷിങ്ടണിലെ സൂഷ്യ ദ്വീപിന് സമീപം തകർന്നു വീണത്.

വിമാനത്തിൽ ഉണ്ടായിരുന്ന പത്തു യാത്രക്കാരെയും പൈലറ്റിനെയും ഉൾപ്പടെ 11 പേരെയും രക്ഷാപ്രവർത്തകർ സുരക്ഷിതമായി കടലിൽ നിന്ന് രക്ഷപ്പെടുത്തിയതായി സാൻ ഹുവാൻ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. അപകടത്തിൽ പെട്ടവരിൽ ഏറെപ്പേർക്കും തലയ്ക്ക് പരിക്ക്, എല്ല് പൊട്ടൽ, മുറിവുകൾ എന്നിവ ഉൾപ്പടെയുള്ള പരിക്കുകളുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നും ഷെരീഫ് ഓഫീസ് അറിയിച്ചു.

വിമാനം സർവീസ് നടത്തിയ കെൻമോർ എയർ പുറത്തിറക്കിയ പ്രസ്താവനയിൽ സിയാറ്റിലിലെ ലേക്ക് യൂണിയനിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. പരിക്കേറ്റ നാലു യാത്രക്കാരെ ആശുപത്രിയിലേയ്ക്ക് മാറ്റിയതായും മറ്റു യാത്രക്കാരെ ബെല്ലിങ്ഹാം കോസ്റ്റ് ഗാർഡ് സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയതായും കമ്പനി അറിയിച്ചു.

അപകടം നേരിൽ കണ്ട ഒരു സ്വകാര്യ ബോട്ടിൽ ഉണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് സാൻ ഹുവാൻ കൗണ്ടി ഷെരീഫ് എറിക് പീറ്റർ പറഞ്ഞു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുമ്പോഴേയ്ക്കും വിമാനം തീ പിടിച്ച് കടലിലേയ്ക്ക് മുങ്ങിത്തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു എല്ലാവരുടെയും അതിവേഗ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തെ തുടർന്ന് യുഎസ് നേവി, കോസ്റ്റ് ഗാർഡ്, പ്രാദേശിക അടിയന്തര രക്ഷാ സംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വൻ രക്ഷാപ്രവർത്തനമാണ് നടത്തിയത്. യുഎസ് കോസ്റ്റ് ഗാർഡിന്‍റെ വിവരമനുസരിച്ച് കെൻമോർ എയറിന്‍റെ സീപ്ലെയിൻ നോർത്ത് ബീച്ച് ഷാലോ ബേ പ്രദേശത്ത് അടിയന്തര ലാൻഡിങ് നടത്തിയതിനു പിന്നാലെ തീപിടിക്കുകയായിരുന്നു.

ചില യാത്രക്കാരെ യുഎസ് നേവി ഹെലികോപ്റ്റർ ഉപയോഗിച്ച് സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തു. അപകട കാരണം കണ്ടെത്താൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും സംയുക്തമായി അന്വേഷണം ആരംഭിച്ചു.

ഹിമാചലിൽ വാഹനത്തിന് മുകളിലേക്ക് പർവതത്തിന്‍റെ ഒരു ഭാഗം അടർന്നുവീണു; 13‌ മരണം

വൈദ്യുതി ലഭിക്കാനില്ല; ഭാഗിക നിയന്ത്രണമുണ്ടാവുമെന്ന് കെഎസ്ഇബി

പാർട്ടിയെ പുതുക്കിപ്പണിയും, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും; എം.വി. ​ഗോവിന്ദൻ

ഐഫോൺ ഓർഡർ‌ ചെയ്തു, കിട്ടിയത് താടി വളരാനുള്ള എണ്ണ; 1.80 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

മാതാപിതാക്കൾക്ക് ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ ബാങ്കുകൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാം; ഹൈക്കോടതി