ബാബ് അൽ മന്ദബ് കടലിടുക്കിലും പിടിമുറുക്കി ഇറാൻ
സൂയസ് കനാലിലേയ്ക്കുള്ള പ്രധാന കവാടമായി പ്രവർത്തിക്കുന്ന ഈ കടലിടുക്ക് ഏഷ്യ, യൂറോപ്പ്, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവയെ ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽ ചാലിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്
ടെഹ്റാൻ: അമെരിക്ക-ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ നീക്കങ്ങളുമായി ഇറാൻ. ഹോർമൂസ് കടലിടുക്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ ബാബ് അൽ മന്ദബ് കടലിടുക്കിലും ശക്തമായ നീക്കങ്ങൾ നടത്തുമെന്ന സൂചനയുമായി ഇറാനും സഖ്യ കക്ഷികളും രംഗത്തെത്തി. ലബനനിൽ ഇസ്രയേൽ സൈനിക നീക്കം വർധിപ്പിച്ചതിനു പിന്നാലെയാണ് ഇറാന്‍റെ ഈ നീക്കം.
ലെബനനിലെ ഇസ്രയേലിന്‍റെ തുടർച്ചയായ സൈനിക നടപടികൾ കാരണം അമെരിക്കയുമായി നടത്തുന്ന പരോക്ഷ ചർച്ചകൾ താൽക്കാലികമായി നിർത്തി വയ്ക്കുകയാണെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഈ ചർച്ചകൾ തകരുന്നതിൽ തനിക്ക് യാതൊരു വിധ ആശങ്കയും ഇല്ലെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ഇതിനോടൊപ്പം ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തലും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ലെബനനൻ ഭാഗികമായ വെടിനിർത്തൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ദക്ഷിണ ലെബനനിലെ സൈനിക നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്.
ഇസ്രയേൽ കരസേന നിലവിൽ ലെബനനിലെ സഹ്റാനി നദി ലക്ഷ്യമാക്കി മുന്നേറുകയാണ്. കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങൾക്കിടയിൽ ലെബനനിലേയ്ക്ക് ഇസ്രയേൽ നടത്തുന്ന ഏറ്റവും ശക്തമായ കടന്നുകയറ്റമാണിത്. ലെബനനിലും ഗാസയിലും ഇസ്രയേൽ സൈന്യം ആക്രമണം തുടരുന്നിടത്തോളം കാലം യാതൊരു വിധ ചർച്ചകളുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ഇറാൻ. യുദ്ധവുമായി മുന്നോട്ടു പോകുമെന്ന നെതന്യാഹുവിന്‍റെ പ്രഖ്യാപനം ഈ സംഘർഷം വേഗത്തിൽ അവസാനിക്കില്ലെന്ന സൂചനയാണ് നൽകുന്നത്.
ഇത് ബാബ് അൽ മന്ദേബ് കടലിടുക്കിലൂടെയുള്ള ചരക്കു നീക്കത്തെ വീണ്ടും വലിയ അപകടത്തിൽ ആക്കുന്നു. ചെങ്കടലിന്‍റെ തെക്കേ പ്രവേശന കവാടത്തിൽ യമനും ഹോൺ ഒഫ് ആഫ്രിക്കയ്ക്കും ഇടയിലാണ് ബാബ് അൽ മന്ദേബ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും വീതി കുറഞ്ഞ ഭാഗത്ത് ഈ കടലിടുക്കിന് ഏകദേശം ഇരുപത്തൊൻപതു കിലോമീറ്റർ മാത്രമാണ് വിസ്തീർണമുള്ളത്. സൂയസ് കനാലിലേയ്ക്കുള്ള പ്രധാന കവാടമായി പ്രവർത്തിക്കുന്ന ഈ കടലിടുക്ക് ഏഷ്യ, യൂറോപ്പ്, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവയെ ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽ ചാലിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്.