യുഎസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ശൃംഖലകൾ ഇറാൻ ഹാക്കു ചെയ്തു!
ലണ്ടൻ: യുദ്ധ സമയത്തുടനീളം പശ്ചിമേഷ്യയിലെ അമെരിക്കൻ സൈനിക ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ചോർത്തുന്നതിനായി മേഖലയിലെ മൊബൈൽ ശൃംഖലകൾ ഇറാൻ വ്യാപകമായി ഹാക്കു ചെയ്തതായി റിപ്പോർട്ട് ചെയ്ത് ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ്.
മൊബൈൽ സർവൈലൻസ് മോണിറ്റർ റിസർച്ച് പ്രൊജക്റ്റിൽ നിന്നുള്ള ടെലികമ്യൂണിക്കേഷൻ ഡാറ്റയും ഈ രംഗത്തെ വിദഗ്ധരെയും ഉദ്ധരിച്ചാണ് ഈ നടുക്കുന്ന വിവരങ്ങൾ ഫിനാൻഷ്യൽ ടൈംസ് പുറത്തു വിട്ടത്.
സ്മാർട്ട് ഫോണുകളിലെ റോമിങ് സംവിധാനങ്ങളും പരസ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആഡ്-ടെക്നോളജികളും യുഎസ് സൈന്യത്തെ വലിയ സുരക്ഷാ ഭീഷണിയിലാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അമെരിക്കൻ ജനപ്രതിനിധികൾ ഈ വിവരങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ഗൾഫ് മേഖലയിലെ പ്രാദേശിക ഫോൺ ദാതാക്കളുമായിട്ടുള്ള റോമിങ് കരാറുകളെ ഇറാന്‍റെ സൈന്യമോ അല്ലെങ്കിൽ അവരുടെ സഖ്യ കക്ഷികളോ ദുരുപയോഗം ചെയ്യുന്നതായി പശ്ചിമേഷ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥർ സംശയിക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിനു പുറമേ വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിലുള്ള യുഎസ് ഉദ്യോഗസ്ഥരുടെ ഫോണുകൾ ട്രാക്ക് ചെയ്യുന്നതിനായി വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായ പരസ്യ ഡാറ്റാ ബേസുകൾ ഇറാന്‍റെ ഹാക്കർമാർ ദുരുപയോഗം ചെയ്തതായി പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ പരസ്യങ്ങൾ കാണിക്കുന്നതിനായി ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കാറുണ്ട്. ഈ വാണിജ്യ ഡാറ്റാ ബേസുകളിലേക്ക് നുഴഞ്ഞു കയറിയാണ് ഇറാൻ തന്ത്രപ്രധാനമായ സൈനിക മേഖലകളിലുള്ള യുഎസ് ഉദ്യോഗസ്ഥരുടെ ലൊക്കേഷൻ തത്സമയം നിരീക്ഷിച്ചത്.
ഇറാൻ തികച്ചും സങ്കീർണമായ സാങ്കേതിക വിദ്യയിലൂടെ തത്സമയവും കൃത്യവുമായ ലൊക്കേഷൻ വിവരങ്ങൾ നിരന്തരമായി ശേഖരിക്കാനുള്ള ശേഷി കൈവരിച്ചിട്ടുണ്ടെന്ന് സൈബർ സെക്യൂരിറ്റി വാച്ച്ഡോഗ് ആയ സിറ്റിസൺ ലാബിലെ സീനിയർ റിസർച്ച് ഫെലോ ഗാരി മില്ലർ വ്യക്തമാക്കി.
അമെരിക്കൻ ഉപയോക്താക്കളെ നിരീക്ഷിക്കാൻ മേഖലയിലെ മൊബൈൽ ശൃംഖലകളിലേയ്ക്ക് കടന്നു കയറാൻ അന്താരാഷ്ട്ര സിഗ്നലിങ് പ്രോട്ടോക്കോൾ ആയ SS7 ഇറാൻ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം തനിക്ക് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ചോർച്ച പശ്ചിമേഷ്യയിലെ യുഎസ് സൈനിക നീക്കങ്ങൾക്ക് വലിയൊരു വെല്ലുവിളിയായി മാറി.