എച്ച്-1ബി, ഗ്രീൻ കാർഡ് നിയമങ്ങൾ ഓഗസ്റ്റ് മുതൽ കൂടുതൽ കർശനമാക്കാൻ യുഎസ്

 
World

എച്ച്-1ബി, ഗ്രീൻ കാർഡ് നിയമങ്ങൾ ഓഗസ്റ്റ് മുതൽ കൂടുതൽ കർശനമാക്കാൻ യുഎസ്

ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും പ്രതികൂലമായേക്കും എന്ന് ആശങ്ക

Reena Varghese

റിക്രൂട്ട്മെന്‍റ് ചട്ടങ്ങൾ, അമെരിക്കൻ തൊഴിലാളികളുടെ പിരിച്ചു വിടൽ സംബന്ധിച്ച വ്യവസ്ഥകൾ, വിവേചന വിരുദ്ധ മാനദണ്ഡങ്ങൾ എന്നിവ കൂടുതൽ കർശനമാക്കാനാണ് പദ്ധതി.

വാഷിങ്ടൺ: ട്രംപ് ഭരണകൂടം എച്ച്-1 ബി വിസയും ഗ്രീൻകാർ നടപടിക്രമങ്ങളും കൂടുതൽ കർശനമാക്കുന്ന പുതിയ കുടിയേറ്റ ചട്ടങ്ങൾ നടപ്പാക്കാൻ നീക്കങ്ങൾ ആരംഭിച്ചു.ഓഗസ്റ്റ് മുതൽ ഇതു നടപ്പാക്കാനാണ് യുഎസ് ഭരണകൂടത്തിന്‍റെ തീരുമാനം. ഇതു നടപ്പായാൽ വിദേശ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും തൊഴിലുടമകൾക്കും കൂടുതൽ പരിശോധനയും വിസയ്ക്ക് ഉൾപ്പടെ കൂടുതൽ ചെലവും നേരിടേണ്ടി വരും.

അമെരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകളെ ഇത് പ്രത്യേകിച്ച് ബാധിക്കുമെന്നാണ് വിലയിരുത്തൽ. അമെരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ്, തൊഴിൽ വകുപ്പ്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് എന്നിവ പുറത്തിറക്കിയ പുതിയ യൂണിഫൈഡ് റെഗുലേറ്ററി അജണ്ടയിലാണ് ഈ നിർദേശങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ നയത്തിന്‍റെ അടുത്ത ഘട്ടത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകളാണ് ഇതിലൂടെ ട്രംപ് ഭരണകൂടം നൽകുന്നത്.

ഇന്ത്യൻ പൗരന്മാർ എച്ച് 1 ബി വിസയ്ക്കും തൊഴിലധിഷ്ഠിത ഗ്രീൻ കാർഡിനും അമെരിക്കൻ സർവകലാശാലകളിലെ വിദ്യാർഥി വിസയ്ക്കുമായി അപേക്ഷിക്കുന്നതിനാൽ ഈ മാറ്റങ്ങളുടെ ഏറ്റവും വലിയ ആഘാതം ഇന്ത്യക്കാർക്കു തന്നെയാകും.അമെരിക്കൻ കമ്പനികൾക്ക് വിദേശ വിദഗ്ധരെ നിയമിക്കാൻ അനുവദിക്കുന്ന എച്ച് 1 ബി വിസ പദ്ധതിയിൽ സുപ്രധാന മാറ്റങ്ങളാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് പരിഗണിക്കുന്നത്.

പ്രതിവർഷം 85,000 പുതിയ എച്ച് 1 ബി വിസകളാണ് അനുവദിക്കുന്നത്. ഓഗസ്റ്റിൽ പുറത്തിറങ്ങാൻ ഇടയുള്ള പുതിയ ചട്ടപ്രകാരം സർവകലാശാലകൾക്കും ചില ഗവേഷണ സ്ഥാപനങ്ങൾക്കും നിലവിൽ ലഭിക്കുന്ന എച്ച് 1 ബി ക്യാപ് ഒഴിവുകൾ പരിമിതപ്പെടുത്താൻ സാധ്യതയുണ്ട്.

അമെരിക്കയിൽ അമ്പതിലധികം ജീവനക്കാരുള്ളതും അതിൽ പകുതിയിലധികം പേർ എച്ച് 1ബി അല്ലെങ്കിൽ എൽ 1 വിസകളിലുള്ളവരുമായ കമ്പനികൾക്ക് നിലവിൽ ബാധകമായ അധിക ഫീസ്, വിസ പുതുക്കൽ അപേക്ഷകൾക്കും ബാധകമാക്കാനാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്‍റെ ആലോചന. ഇതോടെ ഔട്ട്സോഴ്സിങ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ചെലവ് വർധിക്കുമെന്നാണ് വിലയിരുത്തൽ.

തൊഴിലധിഷ്ഠിത ഗ്രീൻ കാർഡിനും എച്ച് 1 ബി വിസയ്ക്കുമായി വിദേശ ജീവനക്കാരെ സ്പോൺസർ ചെയ്യുന്ന കമ്പനികൾക്ക് കൂടുതൽ ശമ്പളം നൽകേണ്ട സാഹചര്യം ഉണ്ടാകും. നിലവിലെ ശമ്പള മാനദണ്ഡങ്ങൾ പുതുക്കി പ്രവേശന തല ശമ്പളത്തിന്‍റെ അടിസ്ഥാന പരിധി 17 ശതമാനത്തിൽ നിന്നു 34 ശതമാനത്തിലേയ്ക്ക് ഉയർത്താനാണ് തൊഴിൽ വകുപ്പിന്‍റെ നീക്കം. ഉയർന്ന ശമ്പള വിഭാഗങ്ങളുടെയും മാനദണ്ഡങ്ങൾ വർധിപ്പിക്കും. റിക്രൂട്ട്മെന്‍റ് ചട്ടങ്ങൾ, അമെരിക്കൻ തൊഴിലാളികളുടെ പിരിച്ചു വിടൽ സംബന്ധിച്ച വ്യവസ്ഥകൾ, വിവേചന വിരുദ്ധ മാനദണ്ഡങ്ങൾ എന്നിവ കൂടുതൽ കർശനമാക്കാനാണ് പദ്ധതി.

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി