എച്ച്-1ബി വിസ ഉടമകളെ വെട്ടിലാക്കി യുഎസ്
file photo
തൊഴിൽ പെർമിറ്റ് പുതുക്കുന്നതിനായി ഈ ഡിസംബറിൽ ഇന്ത്യയിലെത്തിയ നൂറുകണക്കിന് എച്ച് 1 ബി വിസ ഉടമകൾക്ക് അപ്രതീക്ഷിത തിരിച്ചടി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ പുതിയ സോഷ്യൽ മീഡിയ പരിശോധനാ നയം നിലവിൽ വന്നതോടെ 2025 ഡിസംബർ 15നും 26 നും ഇടയിൽ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾ അടുത്ത വർഷത്തേയ്ക്ക് മാറ്റി വച്ചു. ഇതാണ് ഇന്ത്യൻ എച്ച് 1 ബി വിസ ഉടമകളെ കുരുക്കിലാക്കിയത്. അമെരിക്കയിൽ ഡിസംബർ അവധിക്കാലം കൂടിയായതിനാലാണ് ഇക്കാലയളവ് പലരും തെരഞ്ഞെടുത്തത്.
ഡിസംബർ പകുതി മുതൽ അവസാനം വരെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾ അടുത്ത വർഷം മാർച്ചിലേയ്ക്ക് മാറ്റി വച്ചതായാണ് റിപ്പോർട്ട്. നൂറു കണക്കിന് ഉപഭോക്താക്കൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണ് എന്ന് പ്രമുഖ ലോ ഫേമുകൾ അറിയിച്ചു. തങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി എന്നാണ് ഇന്ത്യയിലെ ഇമിഗ്രേഷൻ അറ്റോർണി വീണ വിജയ് ഇതെപ്പറ്റി പ്രതികരിച്ചത്.