രണ്ടു ലക്ഷത്തോളം ബി-1, ബി-2 വിസകൾ റദ്ദാക്കാൻ യുഎസ് സർക്കാർ
വാഷിങ്ടൺ: യുഎസിൽ ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്കായി എത്തിയ ശേഷം അഭയത്തിനായി അപേക്ഷിച്ച വിദേശികളുടെ രണ്ടു ലക്ഷത്തോളം ബി-1, ബി-2 വിസകൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. ഇത് നടപ്പായാൽ യുഎസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വിസ റദ്ദാക്കൽ നടപടികളിൽ ഒന്നായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.
വിസ സംവിധാനത്തിലെ തട്ടിപ്പും ദുരുപയോഗവും തടയുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. താല്‍ക്കാലിക വിസ അനുവദിക്കുന്നത് വിസയുടമ പിന്നീട് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ്. യഥാര്‍ഥ ഉദ്ദേശ്യം മറച്ചുവെച്ച് വിസ നേടിയതായി കണ്ടെത്തിയാല്‍ വിസ റദ്ദാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വിസ സംവിധാനത്തിലെ തട്ടിപ്പും ദുരുപയോഗവും തടയുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് ടോമി പിഗോട്ട്
താല്‍ക്കാലിക വിസയില്‍ യുഎസിലെത്തിയ ശേഷം സ്ഥിരതാമസത്തിനായി അപേക്ഷിച്ചവരെയാണ് പ്രധാനമായുംലക്ഷ്യമിടുന്നത്. എത്ര ഇന്ത്യക്കാര്‍ പരിശോധനയുടെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ യുഎസ് അധികൃതര്‍ വ്യക്തമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യന്‍ അപേക്ഷകരെ പ്രത്യേകമായി ലക്ഷ്യമിടുന്നതായും സ്ഥിരീകരിച്ചിട്ടില്ല. പരിശോധന ഇപ്പോഴും തുടരുകയാണെന്നും നടപടികള്‍ പുരോഗമിക്കുന്നതിനനുസരിച്ച് ബാധിക്കപ്പെടുന്നവരുടെ എണ്ണം മാറാമെന്നും അധികൃതര്‍ വ്യക്തമാക്കി. നടപടികള്‍ ഘട്ടംഘട്ടമായായിരിക്കും നടപ്പാക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ട്രംപ് ഭരണകൂടം രണ്ടാം തവണ അധികാരത്തിലെത്തിയതിന് പിന്നാലെ യുഎസ് കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതിന്‍റെ തുടര്‍ച്ചയായാണ് പുതിയ നീക്കത്തെ വിലയിരുത്തുന്നത്.
വിസ റദ്ദാക്കുന്നത് മാത്രം നിലവില്‍ അഭയ അപേക്ഷ നല്‍കിയവരെ ഉടന്‍ നാടുകടത്തുന്നതിന് തുല്യമല്ലെന്നും, അവരുടെ കേസിന്‍റെ നിയമപരമായ സ്ഥിതിഗതികള്‍ പ്രത്യേകം പരിഗണിക്കപ്പെടുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.