ബ്രിട്ടീഷ് രാജകുമാരനായ ആൻഡ്രുവിന്‍റെ മുൻ ഭാര്യ സാറാ ഫെർഗൂസൺ മക്കളായ യൂയിനി, ബിയാട്രിസ് , ജെഫ്രി എപ്സ്റ്റീൻ
ലണ്ടൻ: അമെരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലിൽ കുടുങ്ങി ബ്രിട്ടീഷ് രാജകുടുംബവും. ബ്രിട്ടീഷ് രാജകുമാരിമാർ ജെഫ്രി എപ്സ്റ്റീനെ സന്ദർശിച്ചതായാണ് പുറത്തു വിട്ട എപ്സ്റ്റീൻ ഫയലിലെ ഇ മെയിലിൽ വ്യക്തമാകുന്നത്. ബ്രിട്ടീഷ് രാജകുമാരനായ ആൻഡ്രുവിന്‍റെ മക്കളായ യൂയിനി, ബിയാട്രിസ് എന്നിവരെ എപ്സ്റ്റീന്‍റെ അടുത്തെത്തിച്ചതായാണ് പുറത്തു വന്ന റിപ്പോർട്ടിൽ വ്യക്തമാകുന്നത്.
ആൻഡ്രുവിന്‍റെ മുൻ ഭാര്യയായ സാറാ ഫെർഗൂസണിനൊപ്പമായിരുന്നു ഇവരുടെ സന്ദർശനമെന്നും ഇ മെയിൽ വ്യക്തമാക്കുന്നു. 2009ൽ എപ്സ്റ്റീൻ ജയിലിൽ നിന്നു പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് ഇവർ എപ്സ്റ്റീനെ സന്ദർശിച്ചത്.
യുഎസ് നീതിന്യായ വകുപ്പു പുറത്തു വിട്ട 2009ലെ ഇ മെയിലുകൾ പ്രകാരം ജയിലിൽ നിന്ന് എപ്സ്റ്റീൻ പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളിൽ 2009 ജൂലൈയിൽ ഫെർഗൂസനും പെൺമക്കളും മയാമിയിലേയ്ക്ക എത്തി. ഡച്ചസ് ബിസിനസ് ക്ലാസിലും പെൺമക്കൾ ഇക്കോണമി ക്ലാസിലുമാണ് യാത്ര ചെയ്തതെന്ന് എപ്സ്റ്റീന്‍റെ സഹായികളിൽ ഒരാളുടെ ഇ മെയിൽ വ്യക്തമാക്കുന്നു.
ഇവർ മടങ്ങിപ്പോകുന്നതും ഒരു സഹായി എപ്സ്റ്റീന് അയച്ച ഇ മെയിലിൽ സ്ഥിരീകരിച്ചിരുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ‘മദേഴ്സ് ആര്‍മി’ എന്ന പേരിൽ ഒരു ബ്രാൻഡ് ആരംഭിക്കാൻ സാറാ ഫെർഗൂസൻ ലക്ഷ്യമിട്ടിരുന്നു. ഈ ബ്രാൻഡിൽ എപ്സ്റ്റീന് 51 ശതമാനം ഓഹരി നൽകണമെന്നു നിർദേശിച്ചിരുന്നു.
എന്നാൽ ഡച്ചസ് ഇതിനു സമ്മതിച്ചോ എന്നത് വ്യക്തമല്ല. എപ്സ്റ്റീന്‍റെ ലൈംഗിക കുറ്റകൃത്യങ്ങൾ വ്യാപകമായി ജനരോഷത്തിനിടയാക്കിയതിനാൽ അവർ ഈ പദ്ധതി ഉപേക്ഷിച്ചു.
‘എനിക്ക് എപ്പോഴും വേണമെന്ന് തോന്നിയിരുന്ന സഹോദരന്‍’ എന്നാണ് എപ്സ്റ്റീനെ സാറ വിശേഷിപ്പിച്ചിരുന്നത്.
എപ്സ്റ്റീനുമായുള്ള സൗഹൃദത്തില്‍ സാറാ ഫെര്‍ഗൂസന്‍ 2011-ല്‍ ക്ഷമചോദിച്ചിരുന്നു. സൗഹൃദം വലിയൊരു തീരുമാനപ്പിഴവായിരുന്നു എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
എപ്സ്റ്റീന്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും ജയില്‍ ശിക്ഷയ്ക്കും ശേഷവും സമൂഹത്തിലെ പ്രമുഖരുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പുറത്തുവന്ന ഇമെയിലുകള്‍ സൂചിപ്പിക്കുന്നു.