ട്രംപിന് വധഭീഷണിയുമായി ഇറാനിയൻ ടെലിവിഷൻ
FILE PHOTO
ടെഹ്റാൻ: അമെരിക്ക എപ്പോൾ വേണമെങ്കിലും ഇറാനെ ആക്രമിക്കും എന്ന വാർത്തകൾ പുറത്തു വരുന്നതിനിടെ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ വധഭീഷണിയുമായി ഇറാനിയൻ ടെലിവിഷൻ. ഇത്തവണ ബുള്ളറ്റ് ലക്ഷ്യം കാണാതെ പോകില്ലെന്ന തലക്കെട്ടോടെ 2024ലെ തെരഞ്ഞെടുപ്പു റാലിയിൽ ട്രംപിനു നേരെ നടന്ന വധശ്രമത്തിന്‍റെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള വാർത്ത ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തു.
ടെഹ്റാൻ ഇതുവരെ നടത്തിയതിൽ വച്ചുള്ള ഏറ്റവും തുറന്ന ഭീഷണിയാണ് ഇറാനിയൻ ടിവിയിലൂടെ നൽകിയിട്ടുള്ളത്. 2024 ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ നിന്നുള്ള ട്രംപിന്‍റെ ചിത്രമാണ് ഇറാനിയൻ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തത്. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ ട്രംപ് ആലോചിക്കുന്നു എന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് അമെരിക്കൻ പ്രസിഡന്‍റിനു നേരെ ഉയർത്തുന്ന ഏറ്റവും വലിയ ഭീഷണി ഈ പ്രക്ഷേപണത്തിലൂടെ ഇറാൻ നടത്തിയത്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സൈനിക താവളത്തിൽ നിന്നുള്ള സൈനിക നീക്കങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഉൾപ്പടെ, അമെരിക്ക തങ്ങളുടെ സൈന്യത്തെ മേഖലയിലേയ്ക്ക് പുനർ വിന്യസിക്കാൻ തുടങ്ങിയെന്ന അവകാശവാദങ്ങൾക്ക് പിന്നാലെയാണ് ഇറാന്‍റെ ഭീഷണി. പ്രതിഷേധക്കാർക്കെതിരെ ഇറാൻ ശക്തമായ നടപടികൾ സ്വീകരിച്ചാൽ അമെരിക്ക ശക്തമായി പ്രതികരിക്കും എന്ന് ചൊവ്വാഴ്ച സിബിഎസ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു.