അബുദാബി അൽ ആലിയ ദ്വീപിൽ പുതിയ ഫെറി ടെർമിനൽ
അബുദാബി: അബുദാബിയിലെ അൽ ആലിയ ദ്വീപിൽ പുതിയ ഫെറി ടെർമിനൽ ഉദ്ഘാടനം ചെയ്തു. ദ്വീപിനെ അബുദാബിയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഫെറി സർവീസ് തുടങ്ങുന്നത്. 3,900 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 60 യാത്രക്കാർക്ക് ഇരിക്കാവുന്ന ഒരു ഫെറി ടെർമിനലിൽ, റോൾ-ഓൺ/റോൾ-ഓഫ് കപ്പലുകളുടെ കയറ്റവും ഇറക്കവും സാധ്യമാക്കുന്നതിനായി ഉള്ള 15 മീറ്ററും 12.5 മീറ്ററും ഉള്ള ബെർത്തുകൾ, 80 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു ഓഫീസ് കെട്ടിടം, ഏഴ് പാർക്കിംഗ് സ്ഥലങ്ങൾ, ആറ് ട്രക്ക് പാർക്കിംഗ് സ്ഥലങ്ങൾ, ക്രൂ താമസ സൗകര്യം എന്നിവ ഉൾപ്പെടുന്നു.
എഡി പോർട്സ് ഗ്രൂപ്പിന്‍റെ ഭാഗമായ അബുദാബി മാരിടൈമുമായി സഹകരിച്ച് മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്‍റെയും അനുബന്ധ സ്ഥാപനമായ ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്‍റർ (അബുദാബി മൊബിലിറ്റി)ആണ് ഫെറി ടെർമിനൽ നിർമിച്ചതെന്ന് ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍ററിന്‍റെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ഹമദ് അൽ ഗഫെലി പറഞ്ഞു.
കഴിഞ്ഞ വർഷം സാദിയാത്ത് ഫെറി ടെർമിനലിന്‍റെ ഉദ്ഘാടനത്തിന് ശേഷമുള്ള മറ്റൊരു നാഴികക്കല്ലാണിതെന്ന് അബുദാബി മാരിടൈം സിഇഒയും എഡി പോർട്ട്സ് ഗ്രൂപ്പിലെ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറുമായ ക്യാപ്റ്റൻ സെയ്ഫ് അൽ മെഹെരി പറഞ്ഞു.