അമെരിക്കയുടെ വിമാനവാഹിനി കപ്പൽ പശ്ചിമേഷ്യയിലേക്ക്
തെഹ്റാൻ: രാജ്യത്തിന് നേരെയുള്ള ഏത് ആക്രമണത്തെയും നേരിടാൻ തങ്ങൾ എപ്പോഴത്തേക്കാളും സജ്ജരാണെന്ന് ഇറാൻ. നിലവിലെ സാഹചര്യത്തെ ഹൈബ്രിഡ് യുദ്ധം എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വിശേഷിപ്പിച്ചത്. അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നുമുള്ള ഭീഷണികളും അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സമീപകാല പ്രസ്താവനകളും യുഎസ് യുദ്ധക്കപ്പലുകൾ ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നുവെന്ന സൂചനയും അദ്ദേഹം പങ്കുവെച്ചു. ഇറാൻ എന്നത്തേക്കാൾ സജ്ജമാണ്.
ഏതുതരത്തിലുള്ള ആക്രമണത്തിന് ഇറാൻ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഎസിന്‍റെ വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ പശ്ചിമേഷ്യയിലെത്തിയത് അഭ്യൂഹങ്ങൾ ശക്തമാക്കുന്നുണ്ട്. മറ്റ് മൂന്ന് യുദ്ധകപ്പലുകളും എബ്രഹാം ലിങ്കണിനൊപ്പമുണ്ട്. യുഎസ്-ഇറാൻ ബന്ധം അത്യന്തം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് പശ്ചിമേഷ്യയിലേക്കുള്ള യുഎസ് യുദ്ധക്കപ്പലുകളുടെ വരവ്. ജീവിതച്ചെലവ് കുതിച്ചു ഉയർന്നതിനെതിരേ ഇറാനിലുണ്ടായ സമീപകാല പ്രതിഷേധങ്ങളിൽ അമേരിക്ക ഇടപെട്ടതോടെയാണ് സംഘർഷം വർധിച്ചത്. പ്രതിഷേധം കടുത്തതോടെ മൂവായിരത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ സഹായിക്കുന്ന നിലപാടായിരുന്നു അമേരിക്കയെടുത്തത്. എന്നാൽ പ്രതിഷേധക്കാർക്കെതിരേ നടപടിയുണ്ടാകില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയതോടെ അമേരിക്ക പിന്മാറുകയായിരുന്നു.