അന്താരാഷ്ട്ര ഊർജ വിപണിക്ക് പ്രതീക്ഷയേകി ഹോർമൂസ് കടലിടുക്കിൽ ജാപ്പനീസ് കപ്പലിന്‍റെ നിർണായക യാത്ര
ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമൂസ് കടലിടുക്കിലൂടെ ജാപ്പനീസ് പതാകയേന്തിയ എണ്ണക്കപ്പൽ വിജയകരമായി കടന്നു പോയി. ഇറാൻ-അമെരിക്ക-ഇസ്രയേൽ സംഘർഷം കടുക്കുന്നതിനിടെ നാളുകളായി നിശ്ചലമായിരുന്ന ഈ സമുദ്ര പാതയിലൂടെ നടന്ന ഈ യാത്ര ആഗോള ഊർജ വിപണിക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ്. ദശലക്ഷക്കണക്കിനു ബാരൽ അസംസ്കൃത എണ്ണയുമായി എത്തിയ ഈ കൂറ്റൻ കപ്പൽ ഇറാനുമായുള്ള ഏകോപനത്തോടെയാണ് പാത മുറിച്ചു കടന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
തങ്ങളുടെ കപ്പൽ കടത്തി വിടാൻ ഇറാൻ തയാറായത് മേഖലയിലെ സുരക്ഷാ വെല്ലുവിളികളിൽ അതീവ ജാഗ്രത പുലർത്തുന്ന ജപ്പാൻ കമ്പനികൾക്ക് വിപണിയിലെ ആത്മവിശ്വാസം വർധിക്കാൻ ഇടയാക്കി. ഏപ്രിൽ 17ന് സൗദി അറേബ്യയിലെ റാസ് തനൂറ തുറമുഖത്തു നിന്നും പുറപ്പെട്ട ഈ കപ്പൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ലക്ഷ്യസ്ഥാനത്തേയ്ക്ക് നീങ്ങുന്നത്.
സംഘർഷം ആരംഭിക്കുന്നതിനു മുൻപ് പ്രതിദിനം നൂറ്റിമുപ്പതോളം കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിൽ ഇന്ന് വെറും ആറു കപ്പലുകൾ മാത്രമാണ് യാത്ര തുടരുന്നത് എന്നത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു.
ഇറാൻ യുദ്ധത്തെ തുടർന്ന് സമുദ്ര പാതകളിൽ ഏർപ്പെടുത്തിയ ഉപരോധങ്ങളും നിയന്ത്രണങ്ങളും ആഗോള ഇന്ധന വില കുതിച്ചുയരാൻ കാരണമായി. ലോകത്തെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതി വാതകവും കടന്നു പോകുന്ന ഈ നിർണായക പാത തടസപ്പെട്ടതോടെ ആയിരക്കണക്കിനു കപ്പൽ ജീവനക്കാരാണ് കടലിൽ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ കപ്പലുകൾ നീങ്ങിത്തുടങ്ങുന്നത് വിതരണ ശൃംഖലയിലെ തടസങ്ങൾ നീങ്ങുന്നതിന്‍റെ സൂചനയായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.