അർജന്‍റീന ടീമിലെ സഹതാരങ്ങൾക്കൊപ്പം ക്യാപ്റ്റൻ ലയണൽ മെസി.
ബ്യൂണോസ് അയേഴ്സ്: ഫിഫ വേൾഡ് കപ്പിനു പിന്നാലെ വിദേശികൾക്കെതിരേ കടുത്ത നടപടികളുമായി അർജന്‍റീന. പൗരന്മാർക്കും രാജ്യത്തിനുമെതിരേ അധിക്ഷേപ പരാമർശം നടത്തുന്ന വിദേശികളെ നാടു കടത്താനും രാജ്യത്തേക്ക് പ്രവേശനം നൽകാതിരിക്കാനും സർക്കാരിന് അധികാരം നൽകിക്കൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്‍റ് ജാവിയർ മിലേ ഒപ്പു വച്ചു. അർജന്‍റൈൻ ആണെന്ന കാരണത്താൽ വെറുപ്പും വിദ്വേഷവും കലർന്ന പരാമർശങ്ങൾ നടത്തുന്നവർക്കും വേർതിരിവ് കാണിക്കുന്നവർക്കുമെതിരേയാണ് പുതിയ നീക്കം.
ഫിഫ വേൾഡ് കപ്പിൽ അർജന്‍റീനയ്ക്ക് അനുകൂലമായി റഫറികൾ പെരുമാറിയെന്ന ആരോപണം ശക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ഫുട്ബോൾ പ്രേമികളും സെലിബ്രിറ്റികളും, സമൂഹമാധ്യമ അക്കൗണ്ട് ഉടമകളും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ലയണൽ മെസ്സിക്കും അർജന്‍റീനയ്ക്കും വേണ്ടി ഫിഫ ടൂർണമെന്‍റ് തകിടം മറിച്ചുവെന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് അർജന്‍റൈൻ ആരാധകർക്കെതിരേ രോഷപ്രകടനം നടത്തുന്നവരും നിരവധിയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ കുടിയേറ്റ നിയമം അർജന്‍റീന കർശനമാക്കി മാറ്റിയിരിക്കുന്നത്. വാക്കുകളിലൂടെയോ എഴുത്തിലൂടെയോ അർജന്‍റീനക്കെതിരേ വിദ്വേഷം പ്രകടിപ്പിക്കുകയോ അർജന്‍റൈൻ ദേശീയ ബിംബങ്ങളെ അപമാനിക്കുകയോ ചെയ്യുന്ന വിദേശികളുടെ വിസ റദ്ദാക്കാനും നാടു കടത്താനും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാതിരിക്കാനും പുതിയ നിയമം അനുമതി നൽകുന്നുണ്ട്.
വർഷങ്ങളോളമായി വിദേശികളെ ഹാർദവമായി സ്വീകരിച്ചിരുന്ന അർജന്‍റീന അപ്രതീക്ഷിതമായാണ് നയം മാറ്റുന്നത്.