അസിം മുനീർ

 
World

അസിം മുനീറിന്‍റെ പദവി ഉയർത്തി പാക്കിസ്ഥാൻ; ഇനി സംയുക്ത സേനാ മേധാവി

തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന പാക് സേനാ മേധാവിക്ക് ലഭിച്ച പുതിയ അധികാരങ്ങൾ ഇന്ത്യ ഗൗരവത്തോടെയാണു കാണുന്നത്.

MV Desk

ഇസ്‌ലാമബാദ്: കരസേനാ മേധാവി ജനറല്‍ അസിം മുനീറിനെ രാജ്യത്തിന്‍റെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) നിയമിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാക്കിസ്ഥാൻ പാസാക്കിയതായി റിപ്പോര്‍ട്ട്. കര, നാവിക, വായു സേനകളുടെ ഏകോപനം ഉറപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചീഫ് ഒഫ് ഡിഫൻസ് ഫോഴ്സ് അഥവാ സിഡിഎഫ് എന്ന പുതിയ പദവി സൃഷ്ടിച്ചത്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയർത്തിയിരുന്നു. ഇതിനു പുറമേയാണു ആണവായുധങ്ങളുടേതുൾപ്പെടെ നിയന്ത്രണം നൽകുന്ന പുതിയ പദവി. പാക് സർക്കാരിന്‍റെ നിയന്ത്രണം നിലവിൽ സൈന്യത്തിനെന്നാണു റിപ്പോർട്ട്. പുതിയ പദവി ലഭിച്ചതോടെ പാക് ഭരണത്തിന്‍റെ പൂർണ നിയന്ത്രണം അസിം മുനീറിലേക്കാകുമെന്നു വിലയിരുത്തൽ. തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന പാക് സേനാ മേധാവിക്ക് ലഭിച്ച പുതിയ അധികാരങ്ങൾ ഇന്ത്യ ഗൗരവത്തോടെയാണു കാണുന്നത്.

പാക്കിസ്ഥാന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച 27ാം ഭരണഘടനാ ഭേദഗതി ബില്‍ സായുധസേനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ഭരണഘടനയുടെ 243ാം അനുച്ഛേദത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഭേദഗതി പ്രകാരം പ്രധാനമന്ത്രിയുടെ നിർദേശത്തോടെ രാഷ്ട്രപതി കരസേനാ മേധാവിയെയും പ്രതിരോധ സേനാ മേധാവിയെയും നിയമിക്കും. പ്രതിരോധ സേനാ മേധാവിയായും സേവനമനുഷ്ഠിക്കുന്ന കരസേന മേധാവി, പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ചതിനു ശേഷം നാഷണല്‍ സ്ട്രാറ്റജിക് കമാന്‍ഡിന്‍റെ തലവനെ നിയമിക്കുമെന്നും ബില്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍ സൈന്യത്തില്‍ നിന്നായിരിക്കും നാഷണല്‍ സ്ട്രാറ്റജിക് കമാന്‍ഡിന്‍റെ തലവന്‍ നിയമിക്കുന്നത്.

കഴിഞ്ഞ മേയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന നാല് ദിവസത്തെ സംഘര്‍ഷത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു കൊണ്ടാണു സൈനികതലത്തില്‍ പുതിയ പദവി സൃഷ്ടിക്കാന്‍ പാക്കിസ്ഥാൻ തീരുമാനിച്ചത്. ആധുനിക യുദ്ധത്തിന്‍റെ സ്വാഭവത്തിലുണ്ടായ വന്‍മാറ്റങ്ങളും സൈന്യത്തിന്‍റെ ഘടനാപരമായ പുനസംഘടനയിലേക്കു പാക്കിസ്ഥാനെ നയിച്ചു. പാക്കിസ്ഥാന്‍ അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷലായി ഉയര്‍ത്തിയതും ഇപ്പോള്‍ പുതിയ ചീഫ് ഒഫ് ഡിഫന്‍സ് ഫോഴ്‌സ് തസ്തിക സൃഷ്ടിച്ചതും പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശക്തമായ സൈനിക നേതൃത്വത്തെ ഉയര്‍ത്തിക്കാട്ടാനുള്ള പാക് ശ്രമത്തെക്കൂടിയാണു സൂചിപ്പിക്കുന്നത്.

സഞ്ജു ചെന്നൈയിലേക്ക്? വമ്പൻ താരക്കൈമാറ്റമെന്ന് സൂചന

‌അദ്വാനിയെ ന്യായീകരിച്ച് തരൂർ; വ്യക്തിപരമായ അഭിപ്രായമെന്ന് കോൺഗ്രസ്

ലാഭത്തിൽ 27 പൊതുമേഖലാ സ്ഥാപനങ്ങൾ

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; 15 കോടി രൂപയുടെ ചെക്ക് കൈമാറി|Video

കേരളത്തിൽനിന്നുള്ള ടൂറിസ്റ്റ് ബസുകൾ കർണാടക, തമിഴ് നാട് സർവീസ് നിർത്തിവയ്ക്കുന്നു