ഇറാനെതിരേ ശക്തമായ വ്യോമാക്രമണം നടത്തി സൗദി അറേബ്യ
റിയാദ്: ഇറാനെതിരേ തിരിച്ചടിച്ച് സൗദി അറേബ്യ. ഇറാനുള്ളിൽ സൗദി അതിശക്തമാ വ്യോമാക്രമണം നടത്തിയതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തങ്ങളുടെ രാജ്യത്തിനു നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് സൗദി അറേബ്യ ഇറാൻ മണ്ണിൽ നേരിട്ട് സൈനിക നടപടി സ്വീകരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ തകർക്കപ്പെട്ട കേന്ദ്രങ്ങൾ ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ആക്രമണങ്ങളെ കുറിച്ച് സൗദി അധികൃതർ നേരിട്ട് സ്ഥിരീകരണം നൽകിയിട്ടില്ല. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാനും സ്ഥിരത നിലനിർത്താനുമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സംയമനം പാലിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ സ്ഥിരമായ നിലപാട് വീണ്ടും വ്യക്തമാക്കുന്നതായി മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇറാൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 28ന് ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണത്തോടെ തുടങ്ങിയ വലിയ പ്രാദേശിക സംഘർഷത്തിന്‍റെ തുടർച്ചയായാണ് ഈ രഹസ്യ നീക്കങ്ങൾ. യുദ്ധത്തിനിടയിൽ ആറു ജിസിസി രാജ്യങ്ങളിലെയും യുഎസ് സൈനിക താവളങ്ങൾ, സിവിൽ വിമാനത്താവളങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ എന്നിവ ലക്ഷ്യമാക്കി ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു.
കൂടാതെ ഹോർമൂസ് കടലിടുക്ക് അടച്ചുകൊണ്ട് ആഗോള വ്യാപാരം തടസപ്പെടുത്തുകയും ചെയ്തു. ഇതിനു മറുപടിയായി കൃത്യമായ തിരിച്ചടി നൽകാനാണ് സൗദി അറേബ്യ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദിയുടെ ഈ നീക്കം അവരുടെ സുരക്ഷാ നയത്തിലെ വലിയ മാറ്റമായാണ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രതിരോധത്തിനായി പാരമ്പര്യമായി അമെരിക്കയെ ആശ്രയിച്ചിരുന്ന റിയാദ്, സ്വന്തം മണ്ണിൽ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായതോടെ കൂടുതൽ ശക്തമായ സൈനിക നിലപാടിലേയ്ക്ക് മാറിയതായി കരുതപ്പെടുന്നു.