തീവയ്പ്പും ആക്രമണവും; കനേഡിയൻ തിയെറ്ററുകളിൽ നിന്നും ഇന്ത്യൻ സിനിമകൾ പിൻവലിച്ചു
ഒട്ടാവ: ക്യാനഡയിലെ ഒന്‍റാറിയോ പ്രവിശ്യയിൽ 2 സിനിമാ തിയെറ്ററുകൾക്കു നേരേ വെടിവയ്പ്പ് ആക്രമണവും ഉണ്ടായതിനു പിന്നാലെ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു. ആക്രമണങ്ങളെ തിയെറ്ററുടമകൾ ദക്ഷിണേഷ്യൻ സിനിമകളുടെ തിയെറ്റർ പ്രദർശനങ്ങളുമായി ബന്ധപ്പെടുത്തിയതോടെയാണ് നടപടി. റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1, പവൻ കല്യാണിന്‍റെ ദ കോൾ ഹിം ഒജി എന്നീ ചിത്രങ്ങളാണ് തിയെറ്ററിൽ നിന്നും പിൻവലിച്ചത്.
ഒരു കൂട്ടം ആളുകൾ തിയെറ്ററുകളിലേക്കെത്തുകയും ഒരു ദ്രാവകം ഉപയോഗിച്ച് തിയെറ്ററിറിന്‍റെ പുറം കവാടം കത്തിക്കുകയുമായിരുന്നു. തിയെറ്ററിനും നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഖാലിസ്ഥാൻ തീവ്രവാദികളുമായി ബന്ധമുണ്ടാകാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യൻ സിനിമകളുടെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് ആക്രമണങ്ങളും ഭീഷണികളും ഞങ്ങൾ നേരിടുന്നത്, ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളുണ്ടാവുന്നത്. ആവർത്തിച്ചുള്ള ഈ പ്രവൃത്തികൾ ആശങ്ക ജനമാണെന്നും, നമ്മുടെ സമൂഹത്തിന് ഒരുമിച്ച് സിനിമ ആസ്വദിക്കാൻ സുരക്ഷിതവും സ്വാഗതാർഹവുമായ ഒരു സ്ഥലം ഒരുക്കുന്നതിനായി ഇന്ത്യൻ സിനിമകൾ തിയെറ്ററിൽ നിന്നും പിൻവലിക്കുകയാണെന്നും തിയെറ്റർ ഉടമകൾ അറിയിക്കുന്നു.