എവറസ്റ്റ് കൊടുമുടി നേപ്പാളിൽ സാഗർമാതാ എന്നും ചൈനയിൽ ചോമോലുങ്മ എന്നും അറിയപ്പെടുന്നു

 
World

എവറസ്റ്റിനെ ഞങ്ങൾ 'ചോമോലുങ്മ' എന്നേ വിളിക്കൂ; പേരു മാറ്റം തലയ്ക്കു പിടിച്ച് ചൈന

അരുണാചൽ പ്രദേശിലെ പല സ്ഥലങ്ങളുടെയും പേര് ഇടയ്ക്കിടെ മാറ്റാൻ ശ്രമിക്കുന്ന ചൈന, ഇപ്പോൾ എവറസ്റ്റ് കൊടുമുടിക്കും ചൈനീസ് പേര് അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിലാണ്.

കാഠ്മണ്ഡു: സ്ഥലങ്ങളുടെ പേര് മാറ്റുന്നത് ചൈനക്കാരുടെ വെറുമൊരു ഹോബിയല്ല, പ്രാദേശികവത്കരിച്ച് സ്വന്തമാണെന്നു സ്ഥാപിക്കാനുള്ള ശ്രമം കൂടിയാണത്. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ പല സ്ഥലങ്ങളുടെയും പേര് ഇടയ്ക്കിടെ മാറ്റാൻ ശ്രമിക്കുന്ന ചൈന, ഇപ്പോൾ എവറസ്റ്റ് കൊടുമുടിക്കും ചൈനീസ് പേര് അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിലാണ്.

നേപ്പാളിലാണ് എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. അവിടെ കൊടുമുടിക്കു പേര് 'സാഗർമാതാ' എന്നാണ്. 'സാഗർമാതാ സംവാദ്' എന്ന പേരിൽ നേപ്പാൾ സംഘടിപ്പിച്ച പരിപാടിയിലാണ് ചോമോലുങ്മ എന്ന ചൈനീസ് പേര് അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നത്.

സംവാദത്തിന്‍റെ ഉദ്ഘാടന സെഷനിൽ നടത്തിയ 20 മിനിറ്റ് പ്രസന്‍റേഷനിൽ പത്ത് വട്ടമാണ് ചൈനീസ് പ്രതിനിധി ഷിയാവോ ജീ ചോമോലുങ്മ എന്ന വാക്ക് ആവർത്തിച്ചത്. സാഗർമാതാ എന്ന പേരാണ് നേപ്പാൾ ഔദ്യോഗികമായി പ്രോത്സാഹിപ്പിക്കുന്നത്. വിദേശ പ്രതിനിധികൾ അതല്ലെങ്കിൽ പൊതുവേ എവറസ്റ്റ് എന്ന, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പേരും ഉപയോഗിച്ചു വരുന്നു.

എന്നാൽ, നേപ്പാൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, വിദേശ മന്ത്രി അർസു റാണ ദ്യൂബ, ധനമന്ത്രി ബിഷ്ണു പൗഡേൽ എന്നിവരുടെ സാന്നിധ്യത്തിൽ ചോമോലുങ്മ എന്ന പേര് തന്നെ ആവർത്തിച്ച് ഉപയോഗിക്കുകയാണ് ചൈനീസ് പ്രതിനിധി ചെയ്തത്.

ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഭൂട്ടാൻ, യുകെ, യുഎഇ, ജപ്പാൻ, ഖത്തർ, കിർഗിസ്ഥാൻ, ബ്രസീൽ, ഈജിപ്റ്റ്, ഒമാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സംവാദത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ യുഎൻ, ലോക ബാങ്ക്, എഡിബി, സാർക് പ്രതിനിധികളും സന്നിഹിതരായിരുന്നു.

സർ ജോർ‌ജ് എവറസ്റ്റ്

ചൈനീസ് പ്രതിനിധി മാൻഡരിൽ ഭാഷയിൽ നടത്തിയ പ്രസംഗത്തിന് ഇംഗ്ലിഷ് പരിഭാഷ നൽകിയിരുന്നു. പേരുമാറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടെങ്കിലും ഇടെപടാൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ലെന്ന് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി അടക്കമുള്ളവരും ഇതെക്കുറിച്ച് പരസ്യ പ്രതികരണത്തിനു മുതിർന്നില്ല.

ലോകമാതാവായ ദേവത എന്നാണ് ചോമോലുങ്മ എന്ന ടിബറ്റൻ വാക്കിന് അർഥം. കൊടുമുടിയുടെ സർവേ ആദ്യമായി നടത്തിയ പത്തൊമ്പതാം നൂറ്റാണ്ടിൽ പീക്ക് XV എന്നാണ് ഇതിനു പേര് നൽകിയിരുന്നത്. ബ്രിട്ടിഷ് ഇന്ത്യയിലെ സർവെയർ ജനറലായിരുന്ന സർ ജോർജ് എവറസ്റ്റിന്‍റെ സ്മരണയ്ക്കാണ് പിന്നീട് മൗണ്ട് എവറസ്റ്റ് എന്ന പേര് നൽകിയത്.

മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വാതക ചോർച്ച; 4 മരണം

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: അഡീഷണൽ സെക്രട്ടറിമാരെ നിരീക്ഷകരായി നിയമിച്ച് ഇലക്ഷൻ കമ്മിഷൻ

രാഹുലിനെ പൊതുപരിപാടിയിൽ നിന്ന് വിലക്കി പാലക്കാട് നഗരസഭ

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ മുതൽ