സ്മാർട്ട് ഇമിഗ്രേഷൻ പഠിക്കാൻ ചൈനീസ് സംഘം ദുബായിൽ
ദുബായ്: റെഡ് കാർപറ്റ് അടക്കമുള്ള സ്മാർട്ട് ഇമിഗ്രേഷൻ രംഗത്തെ മാറ്റങ്ങൾ പഠിക്കാനായി ചൈനയുടെ നാഷനൽ ഇമിഗ്രേഷൻ അഡ്മിനിസ്ട്രേഷനിൽനിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ദുബായ് സന്ദർശിച്ചു. ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് ചൈനീസ് സംഘത്തെ ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3ൽ സ്വീകരിച്ചത്.
യാത്രാ നവീകരണത്തിൽ ദുബായ് അവതരിപ്പിച്ച ഏറ്റവും പുതിയ സംവിധാനമായ "റെഡ് കാർപെറ്റ് ഇമിഗ്രേഷൻ കോറിഡോർ" അടക്കമുള്ള നൂതന സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുകയായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ലോകത്തിലെ ആദ്യത്തെ സ്മാർട്ട് കോറിഡോർ ആയ "റെഡ് കാർപെറ്റ്" യാത്ര രേഖകളൊന്നും കാണിക്കാതെ തന്നെ നിമിഷങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ യാത്രക്കാരെ അനുവദിക്കുന്നു. അത്യാധുനിക നിർമിതബുദ്ധി(എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് ഒന്നിലധികം യാത്രക്കാരെ ഒരേ സമയം പ്രോസസ്സ് ചെയ്യാൻ ഇതിന് കഴിയും.
ജിഡിആർഎഫ്എ ദുബായ് ഉദ്യോഗസ്ഥർ ഇന്റലിജന്റ് മോണിറ്ററിങ്, ഡേറ്റ അനലിറ്റിക്സ് സംവിധാനങ്ങൾ, കാത്തിരിപ്പ് സമയം 40% കുറയ്ക്കുന്ന നൂതന സാങ്കേതികവിദ്യകൾ, സുരക്ഷാ നടപടികൾ, യാത്രക്കാരുടെ മുൻകൂർ പരിശോധനാ സംവിധാനം എന്നിവ വിശദീകരിച്ചു.
ദുബായ് വിമാനത്താവളത്തിന്‍റെ സാങ്കേതികവും പ്രവർത്തനപരവുമായ മികവിനെ ചൈനീസ് സംഘം പ്രശംസിച്ചു.
ദുബായ് ആഗോള പ്രചോദനമായി മാറിയെന്നും വിമാനത്താവള യാത്രാ സംവിധാനം നിർമിതബുദ്ധിയെ മനുഷ്യനന്മയ്ക്കായി ഉപയോഗിക്കുന്നതിന്റെ സമഗ്ര മാതൃകയാണെന്നും ലഫ്. ജനറൽ അൽ മർറി അഭിപ്രായപ്പെട്ടു.