സിഐഎ ഡയറക്റ്റർ‌ ജോൺ റാറ്റ്ക്ലിഫ്

 
World

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

റാറ്റ്ക്ലിഫ് മോസ്കോയിൽ കൂടിക്കാഴ്ചകൾക്കായി എത്തിയതായി ഒന്നിലധികം യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്

Sarath Nath MS

മോസ്കോ: റഷ്യയിലെ മോസ്കോ വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി എത്തിയ യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ സൈനിക വിമാനത്തെ ചുറ്റിപ്പറ്റിയ ദുരൂഹതയ്ക്ക് പിന്നാലെ നിർണായക വിവരം പുറത്ത്. അമെരിക്കൻ ചാരസംഘടനയായ സിഐഎയുടെ ഡയറക്റ്റർ‌ ജോൺ റാറ്റ്ക്ലിഫ് വിമാനത്തിലുണ്ടായിരുന്നുവെന്നും മോസ്കോയിൽ രഹസ്യ കൂടിക്കാഴ്ചകൾക്കായി എത്തിയതാണെന്നുമാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലാത്വിയൻ തലസ്ഥാനമായ റിഗയിൽനിന്ന് ചൊവ്വാഴ്ച രാവിലെ പുറപ്പെട്ട സി-17 വിമാനം മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിൽ എത്തുകയായിരുന്നു. ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം ആർ‌സിഎച്ച്4555 എന്ന വിമാനമാണ് റിഗയിൽനിന്ന് മോസ്കോയിലേക്ക് പറന്നത്. വിമാനം നേരത്തെ മേരിലാൻഡിലെ ജോയിന്‍റ് ബേസ് ആൻഡ്രൂസിൽനിന്ന് റിഗയിലെത്തിയിരുന്നു.

വിമാനം മോസ്കോയിൽ ഇറങ്ങിയതോടെ അതിന്‍റെ ദൗത്യം സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. വിമാനത്തിൽ ആരാണെന്നോ എന്തിനാണ് എത്തിയതെന്നോ യുഎസും റഷ്യയും വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെ അമെരിക്കൻ നയതന്ത്ര വാഹനവ്യൂഹവും മോസ്കോയിൽ കണ്ടതോടെ ദുരൂഹത കൂടുതൽ വർധിച്ചു.

പിന്നാലെയാണ് റാറ്റ്ക്ലിഫ് മോസ്കോയിൽ കൂടിക്കാഴ്ചകൾക്കായി എത്തിയതായി ഒന്നിലധികം യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ അദ്ദേഹം ആരുമായാണ് കൂടിക്കാഴ്ച നടത്തുന്നതെന്നോ ചർച്ചകളിലെ വിഷയങ്ങൾ എന്താണെന്നോ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ വൈറ്റ് ഹൗസ്, സിഐഎ, യുഎസ് പ്രതിരോധ വകുപ്പ്, വ്യോമസേന എന്നിവർ പ്രതികരിക്കാൻ വിസമ്മതിച്ചു.

റാറ്റ്ക്ലിഫ് സിഐഎ ഡയറക്റ്ററായി ചുമതലയേറ്റശേഷമുള്ള റഷ്യയിലെ ആദ്യത്തെ സന്ദർശനമാണിത്. റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട യുഎസ് സമാധാന നീക്കങ്ങൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ രഹസ്യ സന്ദർശനം. യുക്രെയ്ന്‍റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 24ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്‍റ് വൊളാഡിമിർ സെലൻസ്കിക്ക് ആശംസ നേർന്നിരുന്നു. ഇതിനു പിറ്റേദിവസമാണ് സിഐഎ ഡയറക്റ്ററുടെ റഷ്യൻ സന്ദർശനം. തടവുകാരുടെ കൈമാറ്റം, റഷ്യ-യുഎസ് ബന്ധം, യുക്രെയ്ൻ വിഷയത്തിലെ നയതന്ത്ര ചർച്ചകൾ തുടങ്ങിയവയുമായി സന്ദർശനത്തിന് ബന്ധമുണ്ടാകാമെന്ന തരത്തിൽ വിവിധ അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാൽ സന്ദർശനത്തിന്‍റെ യഥാർഥ ലക്ഷ്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അതേസമയം, മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തെക്കുറിച്ച് വിവരമില്ലെന്നാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റ് വക്താവ് ദിമിത്രി പെസ്കോവ് നേരത്തെ പ്രതികരിച്ചത്. വിമാനത്തിൽ റാറ്റ്ക്ലിഫ് ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷവും റഷ്യൻ പ്രസിഡന്‍റിന്‍റെ ഓഫീസായ ക്രെംലിൻ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ഇന്ത്യ-ചൈന അതിർത്തി വിഷയം; ചർച്ച നടത്തി അജിത് ഡോവലും വാങ് യിയും

ബിജെപിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി 3.0 മന്ത്രിസഭയിലും അഴിച്ചുപണി; 12 ഒഴിവുകൾ, പരിഗണനയിൽ നിരവധി പേരുകൾ

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ്: മഴ കളിമുടക്കി; ഫോളോ-ഓൺ ഒഴിവാക്കാൻ ശ്രീലങ്കയ്ക്ക് 39 റൺസ് കൂടി