ട്രംപ്

 

file photo

World

'ചൊവ്വാഴ്ച രാത്രി എട്ടുമണി', സമയം കുറിച്ച് ട്രംപ്; ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി

കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ഇറാന്‍റെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ ബോംബിട്ട് തകർക്കുമെന്നാണ് അന്ത്യശാസനം

Manju Soman

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി ഉടൻ തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി എട്ടുമണി വരെയാണ് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5:30) ഇറാന് ട്രംപ് സമയം കൊടുത്തിരിക്കുന്നത്. അതിനുള്ളിൽ കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ഇറാന്‍റെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ ബോംബിട്ട് തകർക്കുമെന്നാണ് അന്ത്യശാസനം.

ആക്രമണത്തെ 'പവർ പ്ലാന്റ് ഡേ' എന്നും 'ബ്രിഡ്ജ് ഡേ' എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ടുള്ള ഈ ആക്രമണം നടന്നാൽ രാജ്യം പുനർനിർമ്മിക്കാൻ കുറഞ്ഞത് ഇരുപത് വർഷമെങ്കിലും വേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. ഒരു സൈനിക നീക്കത്തിന്റെ കൃത്യമായ ദിവസവും സമയവും മുൻകൂട്ടി പ്രഖ്യാപിക്കുന്നത് യുദ്ധചരിത്രത്തിൽ തന്നെ അപൂർവമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിനു തെക്കുപടിഞ്ഞാറുള്ള നഗരത്തിൽ പുലർച്ചെയുണ്ടായ വ്യോമാക്രമണമുണ്ടായി. പാർപ്പിട സമുച്ചയത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലോ യുഎസോ ഏറ്റെടുത്തിട്ടില്ല. പുലർച്ചെ ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെയും വ്യോമാക്രമണങ്ങൾ ഉണ്ടായി.

കഴിഞ്ഞദിവസം അമേരിക്കൻ പൈലറ്റിനെ ഇറാൻ മണ്ണിൽനിന്ന് സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം കടുപ്പിച്ചത്. ട്രംപിന്റെ ഭീഷണിയെ തുടർന്ന് ഇറാന്റെ യുഎൻ മിഷൻ അമേരിക്കൻ ആക്രമണങ്ങളെ യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസിനെതിരെ തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്നാണ് ഇറാന്റെ ഭീഷണി.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു