World

അമെരിക്കയുടെ അപവാദചഷകങ്ങളിൽ നിന്നും കഥയൊഴുകുമ്പോൾ : ട്രംപിനെ കുരുക്കി പോൺതാരം

പൊട്ടിത്തെറിക്കാനിനിയും നിയമത്തിന്‍റെ അഗ്നിപർവതങ്ങൾ ട്രംപിനു മുന്നിൽ പുകഞ്ഞു തുടങ്ങുമ്പോൾ, അടുത്തവർഷത്തെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പെന്ന മോഹവും അനിശ്ചിതത്വത്തിന്‍റെ തുലാസിലാടുന്നു

അമെരിക്കയുടെ അപവാദ മധുചഷകങ്ങളിൽ നിന്നും ഡൊണാൾഡ് ട്രംപ്- സ്റ്റോമി ഡാനിയൽ ബന്ധത്തിന്‍റെ കഥയൊഴുകി വരികയാണ്. അമെരിക്കയുടെ അധിപനെന്ന വിശേഷണത്തിലേക്ക് എത്തുന്നതിനു മുമ്പ്, പൂർവകാല കഥയിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും മുൻ അമെരിക്കൻ പ്രസിഡന്‍റിനെ വേട്ടയാടുന്നു. മങ്ങലേൽക്കുന്നത്, വീണ്ടുമൊരിക്കൽ കൂടി വൈറ്റ് ഹൗസിന്‍റെ നാഥനാവുകയെന്ന ട്രംപിന്‍റെ മോഹത്തിനും. പൊട്ടിത്തെറിക്കാനിനിയും നിയമത്തിന്‍റെ അഗ്നിപർവതങ്ങൾ ട്രംപിനു മുന്നിൽ പുകഞ്ഞു തുടങ്ങുമ്പോൾ, അടുത്തവർഷത്തെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പെന്ന മോഹവും അനിശ്ചിതത്വത്തിന്‍റെ തുലാസിലാടുന്നു.

മുൻകാല പോൺ സ്റ്റാർ എന്ന വിശേഷണവും പേറി സ്റ്റോമി ഡാനിയൽസ് ഡൊണാൾഡ് ട്രംപിന്‍റെ രാഷ്ട്രീയജീവിതത്തെ പിടിച്ചു കുലുക്കുകയാണ്. അപവാദകഥ തുടങ്ങുന്നതു 2006ലാണ്, സ്റ്റോമി ഡാനിയൽസ് പോൺ സ്റ്റാറായിരുന്ന കാലത്ത്. നെവാഡയിലെ സെലിബ്രിറ്റി ഗോൾഫ് ടൂർണമെന്‍റിനിടെ ആദ്യമായി കണ്ടുമുട്ടുന്നു. സ്റ്റെഫാനി ക്ലിഫോർഡ് എന്ന യഥാർഥ നാമമുള്ള സ്റ്റോമി ഡാനിയൽസിന് അന്നു പ്രായം 27. ട്രംപിന് അറുപതും. ഗോൾഫ് കോഴ്സിലെ പെന്‍റ് ഹൗസിലേക്കു സ്റ്റോമിയെ ട്രംപ് ക്ഷണിക്കുന്നതു വരെയെത്തി കാര്യങ്ങൾ.

ഒരു പോൺ സ്റ്റുഡിയോ ബൂത്തിനു പുറത്ത് സ്റ്റെഫാനിയും ട്രംപും ഒരുമിച്ചു നിൽക്കുന്ന ഫോട്ടൊ പുറത്തുവന്നിരുന്നു. കൂടാതെ അവർ തമ്മിലുണ്ടായ എല്ലാ കൂടിക്കാഴ്ചകളുടെയും വിശദവിവരങ്ങൾ അടങ്ങിയ ഫുൾ ഡിസ്ക്ലോസർ എന്ന പുസ്തകവും സ്റ്റെഫാനിയുടേതായി പുറത്തുവന്നു. ഇതിനിടിയിലാണ് സ്റ്റെഫാനിയെ നിശബ്ദയാക്കാൻ ട്രംപ് അടുത്ത അനുയായി വഴി പണം നൽകിയത്. ആ പണം കണക്കിൽപ്പെടുത്തുന്നതിൽ ട്രംപിനു പിഴച്ചു. അനുയായിയുടെ കുറ്റസമ്മതവും പുറത്തുവന്നു. 2016ലെ പ്രസിഡൻഷ്യൽ ഇലക്ഷനു മുന്നോടിയായിട്ടാണു ട്രംപ് സ്റ്റെഫാനിക്കു 130000 ഡോളർ നൽകിയത്. കുറ്റക്കാരനെന്നു വിധിച്ച സാഹചര്യത്തിൽ ട്രംപിന്‍റെ അറസ്റ്റുണ്ടായേക്കും.

ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ അമെരിക്കൻ പ്രസിഡന്‍റായി മാറിയിരിക്കുന്നു ഡൊണാൾഡ് ട്രംപ്. ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിക്കുന്നുണ്ട്. എന്നാലും ട്രംപിന്‍റെ നിയമപ്രശ്നങ്ങൾ ഇവിടെ അവസാനിക്കുമെന്നു തോന്നുന്നില്ല. ക്യാപിറ്റോൾ ആക്രമണം, ഗവൺമെന്‍റ് രേഖകൾ കാണാതായ കേസ്, ട്രംപ് ഓർഗനൈസേഷനുമായ ബന്ധപ്പെട്ട കേസ്.... ഇതുകൂടാതെ ട്രംപിനെതിരെയുള്ള നിരവധി അപകീർത്തിക്കേസുകളും കോടതിയിൽ കാത്തിരിക്കുന്നു. രാഷ്ട്രീയ ഗൂഡാലോചന എന്ന ആവർത്തിക്കുന്ന ന്യായത്തിന്‍റെ തണലിൽ ദീർഘകാലം ട്രംപിനു നിൽക്കാനാവില്ലെന്നു ചുരുക്കം.

റിലയൻസ് 'വൻതാര'യ്ക്ക് എസ്‌ഐടിയുടെ ക്ലീൻ ചിറ്റ്; സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

സരോവരം ചതുപ്പിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ ഒടിവുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു