റഷ്യ സമാധാനത്തിനു സന്നദ്ധം യുഎസ്

 

file photo 

World

റഷ്യ സമാധാനത്തിനു സന്നദ്ധം: ട്രംപിന്‍റെ വിദേശകാര്യപ്രതിനിധി

പ്രതികരണം യുഎസ്-റഷ്യൻ വിദേശകാര്യ ചർച്ചകൾക്കു ശേഷം

Reena Varghese

ഫ്ലോറിഡ: യുക്രെയ്നിൽ സമാധാനം പുന: സ്ഥാപിക്കാൻ റഷ്യ പൂർണമായും സന്നദ്ധമാണെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വിദേശകാര്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ പ്രത്യേക പ്രതിനിധിയായ കിറിൽ ദിമിത്രീവുമായി ഫ്ലോറിഡയിൽ നടത്തിയ ചർച്ചകൾക്കു ശേഷമാണ് വിറ്റ്കോഫ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്‍റെ മരുമകൻ ജാറെഡ് കുഷ്നറും ഈ ചർച്ചകളിൽ പങ്കാളിയായിരുന്നു. മൂന്നു വർഷമായി തുടരുന്ന യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാൻ അമെരിക്ക നടത്തുന്ന ശ്രമങ്ങളെ റഷ്യ വലിയ രീതിയിൽ വിലമതിക്കുന്നതായി വിറ്റ്കോഫ് വിലയിരുത്തി.

റഷ്യൻ സോവറിൻ വെൽത്ത് ഫണ്ട് മേധാവിയായ കിറിൽ ദിമിത്രീവും അമെരിക്കൻ സംഘവും തമ്മിൽ സൗത്ത് ഫ്ലോറിഡയിൽ ആയിരുന്നു കൂടിക്കാഴ്ച. റഷ്യൻ സംഘവുമായുള്ള ചർച്ചയ്ക്കു പിന്നാലെ യുക്രെയ്നിൽ നിന്നുള്ള ഉന്നത തല പ്രതിനിധികളുമായും വിറ്റ്കോഫും കുഷ്നറും പ്രത്യേക കൂടിക്കാഴ്ച നടത്തി. യുക്രെയ്ന് സുരക്ഷാ ഗ്യാരണ്ടി നൽകുന്നതിനൊപ്പം റഷ്യ പിടിച്ചെടുത്ത ചില പ്രദേശങ്ങൾ വിട്ടു കൊടുത്തു കൊണ്ട് യുദ്ധം അവസാനിപ്പിക്കാനുള്ള മൾട്ടി-പോയിന്‍റ് പ്ലാനിലാണ് ട്രംപിന്‍റെ സംഘം പ്രവർത്തിക്കുന്നത്.

ചർച്ചകളിൽ ഏതെങ്കിലും കരാറിൽ ഒപ്പിട്ടോ എന്ന കാര്യത്തിൽ വിറ്റ്കോഫ് പ്രതികരിച്ചിട്ടില്ല. എങ്കിലും സമാധാന ചർച്ചകൾ ഗുണകരമായ ദിശയിലാണ് എന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. റഷ്യയും യുക്രെയ്നും ഒരേ സമയം ഫ്ലോറിഡയിൽ ചർച്ചയ്ക്ക് എത്തിയത് യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ ലോകരാഷ്ട്രങ്ങളിൽ വർധിപ്പിച്ചിട്ടുണ്ട്. അധികാരം ഏറ്റെടുത്താൽ ഉടൻ തന്നെ 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ