ജൂൺ 23 മുതൽ ജൂലൈ രണ്ട് വരെയുള്ള പത്ത് ദിവസത്തിനിടെയാണ് 2300 പേർ മരിച്ചത്. ഇതിൽ 1500 പേരുടെയും മരണകാരണം കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
freepik.com - Representative image
ബ്രസൽസ്: അസാധാരണമായ രീതിയിൽ അന്തരീക്ഷ താപനില ഉയർന്ന യൂറോപ്പിൽ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ രൂക്ഷം. ജൂൺ 23 മുതൽ ജൂലൈ രണ്ട് വരെയുള്ള പത്ത് ദിവസത്തിനിടെ 2300 പേരാണ് അത്യുഷ്ണം കാരണം യൂറോപ്പിൽ മരിച്ചത്.
ഇതിൽ 1500 പേരുടെ മരണത്തിനും കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ലണ്ടൻ സ്കൂൾ ഒഫ് ഹൈജീൻ ആൻഡ് ട്രോപ്പിൽ മെഡിസിനെയും ലണ്ടൻ ഇംപീരിയൽ കോളെജിലെയും ഗവേഷകർ ചേർന്നു നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലാണ് താപനില ഏറ്റവും ഉയർന്നു നിൽക്കുന്നത്. മേഖലയിൽ ഇത് വേനൽക്കാലം തന്നെയാണെങ്കിലും 40 ഡിഗ്രി വരെയൊക്കെ താപനില ഉയരുന്ന അത്യപൂർവ പ്രതിഭാസമാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്.
സ്പെയ്നിലാണ് റെക്കോഡ് താപനില രേഖപ്പെടുത്തിയത്. സ്പെയ്നിലെ ബാഴ്സലോണയും മാഡ്രിഡും അടക്കം 12 യൂറോപ്യൻ നഗരങ്ങളിൽ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം നേരിട്ട് മരണകാരണമാകുന്നതായി കണ്ടെത്തിയിരിക്കുന്നത്.
പടിഞ്ഞാറൻ യൂറോപ്പിൽ ഉഷ്ണതരംഗമാണ് താപനില ഇത്രയും ഉയരാൻ കാരണമായത്. സീസണിലെ ശരാശരി താപനിലയെക്കാൾ നാല് ഡിഗ്രി കൂടുതൽ ചൂടാണ് രേഖപ്പെടുത്തിയത്. രേഖപ്പെടുത്തിയ ചരിത്രത്തിൽ, പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും ചൂടേറിയ ജൂൺ മാസമാണ് കഴിഞ്ഞു പോയത്.
2022ലാണ് ഇപ്പോഴത്തേതുമായി താരതമ്യം ചെയ്യാവുന്ന അത്യുഷ്ണം യൂറോപ്പിൽ രേഖപ്പെടുത്തിയത്. ഏകദേശം 61,000 പേരുടെ മരണത്തിന് ഇതു പരോക്ഷ കാരണമായെന്നും കണ്ടെത്തിയിരുന്നു. മുതിർന്ന പൗരൻമാർ, മാരക രോഗികൾ, കുട്ടികൾ, പുറത്ത് ജോലി ചെയ്യുന്നവർ, ദീർഘനേരം ഉയർന്ന താപനിലയിൽ കഴിയേണ്ടി വരുന്നവർ തുടങ്ങിയ വിഭാഗങ്ങളെയാണ് അത്യുഷ്ണം ഏറ്റവും തീവ്രമായി ബാധിക്കുന്നത്.