ഇന്തോനേഷ്യയിലെ ബാലിയില്‍ ബോട്ടപകടം; 4 മരണം, 38 പേർക്കായി തെരച്ചിൽ

 
World

ഇന്തോനേഷ്യയിലെ ബാലിയില്‍ ബോട്ടപകടം; 4 മരണം, 38 പേർക്കായി തെരച്ചിൽ

രക്ഷപ്പെട്ടവരില്‍ പലരും ഇപ്പോഴും അബോധാവസ്ഥയിലാണെന്ന് റിപ്പോർട്ട്

ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ 65 പേരുമായി പോയ ഫെറി മുങ്ങി അപകടം. 4 പേർ മരിച്ചു. 23 പേരെ രക്ഷപ്പെടുത്തി. കാണാതായ ബാക്കി ആളുകൾക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്യുവങി പൊലീസ് മേധാവി രാമ സംതമ പുത്ര അറിയിച്ചു.

ബുധനാഴ്ച (July 02) രാത്രി 11:20 ഓടെ കിഴക്കന്‍ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് പുറപ്പെട്ട ബോട്ട് അരമണിക്കൂറിനകം മുങ്ങിയതായി നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു. 'കെഎംപി തുനു പ്രഥമ ജയ' എന്ന ബോട്ടാണ് ബാലിയിലെ ഗിലിമാനുക് തീരത്തേക്കുള്ള യാത്രയ്ക്കിടെ മുങ്ങിയത്. ഫെറിയില്‍ 53 യാത്രക്കാരും 12 ജീവനക്കാരും, 14 ട്രക്കുകള്‍ ഉള്‍പ്പെടെ 22 വാഹനങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണം എന്ന് കാബിനറ്റ് സെക്രട്ടറി ടെഡി ഇന്ദ്ര വിജയ അറിയിച്ചു. രക്ഷപ്പെട്ടവരില്‍ പലരും ഇപ്പോഴും അബോധാവസ്ഥയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാത്രിയിൽ രക്ഷാപ്രവർത്തനം നടക്കുന്ന സമയത്തും കടൽ പ്രക്ഷുബ്ദമായിരുന്നു. രക്ഷപ്പെട്ട 4 പേർ ഫെറിയുടെ ലൈഫ് ബോട്ട് ഉപയോഗിച്ച് സ്വയം രക്ഷപ്പെട്ടുവെന്നും വ്യാഴാഴ്ച പുലർച്ചെ വരെ വെള്ളത്തിൽ കഴിഞ്ഞതായും രക്ഷാപ്രവർത്തകർ അറിയിച്ചു. അപകടസമയത്ത് ഫെറിയിൽ വിനോദസഞ്ചാരികൾ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല.

17,000 ത്തോളം ദ്വീപുകളുള്ള തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ സമുദ്ര അപകടങ്ങൾ പതിവ് സംഭവമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും മോശം കാലാവസ്ഥയുമാണ് ഇതിനുള്ള പ്രധാനകാരണം.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍