ജയ്ഷെ ഭീകരൻ അജ്ഞാത വാഹനമിടിച്ചു മരിച്ചു

 
World

ജയ്ഷെ ഭീകരൻ അജ്ഞാത വാഹനമിടിച്ചു മരിച്ചു

ജയ്ഷ് ഇ മുഹമ്മദിന്‍റെ മുതിർന്ന കമാൻഡർ മൗലാന സൽമാൻ അസർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

Reena Varghese

ഇസ്‌ലാമാബാദ്: കൊടും ഭീകര സംഘടന ജയ്ഷ് ഇ മുഹമ്മദിന്‍റെ മുതിർന്ന കമാൻഡർ മൗലാന സൽമാൻ അസർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ജയ്ഷെയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബഹാവൽപുരിൽ അജ്ഞാതവാഹനമിടിച്ചാണു മരണം. ബഹാവൽപുരിൽ ജയ്ഷെയുടെ കേന്ദ്രമായ സുബഹാനള്ള മർക്കസിൽ ഇയാളുടെ സംസ്കാരം നടത്തിയെന്നാണു റിപ്പോർട്ട്. ജയ്ഷെയുടെ നേതൃത്വത്തിലെ പ്രധാനിയാണ് അസർ. നിരവധി ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഞായറാഴ്ച ഖൈബർ പഖ്തൂൺഖ്വയിൽ ലഷ്കർ ഇ തൊയ്ബയുടെ മുതിർന്ന കമാൻഡർ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെയാണു പാക്കിസ്ഥാനിൽ വീണ്ടും കൊടുംഭീകരൻ കൊല്ലപ്പെടുന്നത്. ലഷ്കർ ഇ തൊയ്ബ മേധാവി ഹഫീസ് സയീദിന്‍റെ വിശ്വസ്ത സംഘത്തിലെ പ്രധാനിയായ അഫ്രീദിയെ തൊട്ടടുത്തു നിന്ന് ഒരാൾ വെടിവയ്ക്കുകയായിരുന്നു.

ഈ വർഷം ജനുവരി മുതൽ ഇത്തരത്തിൽ 30നു മുകളിൽ ഭീകരർ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ലാഹോറിലും കറാച്ചിയിലും പഞ്ചാബിലും സിന്ധിലുമടക്കം ഭീകരർക്കെതിരേ ആക്രമണങ്ങളുണ്ടായി. ഇവയിലെല്ലാം ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് ആക്രമണം നടത്തിയവർ കടന്നുകളഞ്ഞത്.

കഴിഞ്ഞ വർഷം ജൂണിൽ ജയ്ഷെയുടെ മറ്റൊരു മുതിർന്ന കമാൻഡർ മൗലാന അബ്ദുൾ അസീസ് എസാർ പാക് പഞ്ചാബിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലുണ്ടായ നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്ര സംഘത്തിലെ പ്രധാനിയായിരുന്നു എസാർ. ജയ്ഷെ ആസ്ഥാനത്ത് ഇയാളുടെ സംസ്കാരം നടത്തുന്നതിന്‍റെ വീഡിയൊ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

യുഎഇയുടെ ഒപെക് പിന്മാറ്റം ഇന്ത്യക്കു ഗുണകരം

ട്രാവിഷേക്, ക്ലാസൻ കസറി; മുംബൈയുടെ റൺമല കീഴടക്കി ഹൈദരാബാദ്

മതിലിടിഞ്ഞ് 2 മലയാളികൾ അടക്കം 7 പേർ മരിച്ചു

പോളിങ് പൂർണം, ഇനി വോട്ടെണ്ണലിനുള്ള കാത്തിരിപ്പ്

മതപ്രചാരണം: 3 യുഎസ് പൗരന്മാർ രാജ്യം വിടാൻ നിർദേശം