വിജയിച്ചെന്ന് പാക് അവകാശവാദം; പാക് കരസേനാ മേധാവി അസിം മുനീറിന് മാർഷൽ പദവി

 
World

വിജയിച്ചെന്ന് പാക് അവകാശവാദം; പാക് കരസേനാ മേധാവി അസിം മുനീറിന് മാർഷൽ പദവി

തന്ത്രപരമായ നേതൃത്വത്തിനും ശത്രുവിന് നിർണായക പരാജയമുണ്ടാക്കിയതിനുമുള്ള അംഗീകാരമെന്ന് പാക്കിസ്ഥാൻ

Ardra Gopakumar

ഇസ്‌ലാമാബാദ്: ഇന്ത്യയിൽ നിന്നു കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ കരസേനാ മേധാവി ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തി പാക്കിസ്ഥാൻ. ഇന്ത്യയുമായി അടുത്തിടെയുണ്ടായ സംഘർഷത്തിൽ പാക് സേനയെ വിജയകരമായി നയിച്ചെന്ന വാദമുയർത്തിയാണു പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം.

ഇന്ത്യയ്‌ക്കെതിരായ സൈനികനടപടിയിൽ അസിം മുനീർ പുലർത്തിയ തന്ത്രപരമായ നേതൃത്വത്തിനുള്ള അംഗീകാരവും ശത്രുവിന് നിർണായക പരാജയമുണ്ടാക്കിയതിനുമുള്ള അംഗീകാരമാണു സ്ഥാനക്കയറ്റമെന്നു പാക്കിസ്ഥാൻ സർക്കാർ. രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക പദവിയാണു ഫീൽഡ് മാർഷൽ.

പാക് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ ബാബർ സിദ്ധുവിന് സർവീസ് നീട്ടിക്കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2022ൽ ജനറൽ ഖമർ ജാവേദ് ബജ്‌വയിൽ നിന്നാണ് അസിം മുനീർ പാക് സേനയുടെ നേതൃത്വം ഏറ്റെടുത്തത്. മുൻപ് പാക് ചാരസംഘടന ഐഎസ്ഐയുടെ മേധാവിയായിരുന്നു. കരസേനയിലെ ഏറ്റവും മുതിർന്ന ആറ് ഉദ്യോഗസ്ഥരിലൊരാളായിട്ടും 2019ൽ അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഭിന്നതയിലായിരുന്നതിനാൽ അസിം മുനീറിന് കരസേനാ മേധാവി പദവി നഷ്ടമായിരുന്നു. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ അസിം മുനീറിന് നേരിട്ടു പങ്കുണ്ടെന്നാണ് റിപ്പോർട്ട്.

ഇതേത്തുടർന്നുണ്ടായ 90 മണിക്കൂർ നീണ്ട വ്യോമയുദ്ധത്തിൽ പാക്കിസ്ഥാന് കനത്ത നാശമുണ്ടായിരുന്നു. പാക്കിസ്ഥാന്‍റെ തന്ത്രപ്രധാന വ്യോമതാവളങ്ങളെല്ലാം ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്നു. തുടർന്ന് വെടിനിർത്തലിന് നേരിട്ട് അപേക്ഷിക്കുകയായിരുന്നു പാക്കിസ്ഥാൻ. എന്നാൽ, ഇന്ത്യയ്ക്ക് തിരിച്ചടി നൽകിയെന്ന് പാക്കിസ്ഥാനിൽ സേനയുടെ നേതൃത്വത്തിൽ വലിയ തോതിൽ പ്രചാരണം നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമാണ് അസിം മുനീറിന്‍റെ സ്ഥാനക്കയറ്റം.

രാഹുൽ പുറത്തേക്ക്? കടുത്ത നടപടിയിലേക്ക് കോൺഗ്രസ്

ഝാർഖണ്ഡിൽ ചാഞ്ചാട്ടം: സോറൻ ബിജെപി പാളയത്തിലേക്കെന്ന് കോൺഗ്രസിന് ആശങ്ക

രാഹുലിനെതിരേ പരാതി നൽകിയ യുവതി ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്നു സൂചന

ദുരന്തമായി പാക്കിസ്ഥാന്‍റെ ദുരിതാശ്വാസം; ശ്രീലങ്കയ്ക്കു നൽകിയത് പഴകിയ ഭക്ഷണം

പ്രധാനമന്ത്രിയുടെ ഓഫിസിനും പേരുമാറ്റം