ഉത്തര കൊറിയയോട് മാപ്പു പറയുന്നത് പരിഗണനയിലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്
file photo
സോൾ: ഉത്തര കൊറിയയിൽ സംഘർഷം ഉണ്ടാക്കാൻ മന:പൂർവം നീക്കങ്ങൾ നടത്തിയെന്ന ആരോപണങ്ങൾക്കിടയിൽ സുപ്രധാന പ്രഖ്യാപനവുമായി ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ലീ ജെ യങ് ആണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
പ്രഖ്യാപനത്തിനൊപ്പം ഇതൊരു പൊല്ലാപ്പാകുമോ എന്ന ആശങ്കയും അദ്ദേഹം പങ്കു വച്ചു. മുൻ പ്രസിഡന്‍റിന്‍റെ കാലത്ത് രാജ്യത്ത് പട്ടാള നിയമം നടപ്പാക്കുന്നതിനായി ഉത്തര കൊറിയയെ കരുവാക്കി സംഘർഷമുണ്ടാക്കാൻ മന: പൂർവം ശ്രമങ്ങൾ നടത്തിയെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് ലീ ജെ യങ്ങിന്‍റെ പ്രസ്താവന.
സംഘർഷം ഉണ്ടാക്കാൻ നീക്കം നടത്തിയോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ് എങ്കിലും ഈ വിഷയത്തിൽ താൻ മാപ്പു പറയാൻ തയാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ, ഇതിന്‍റെ പേരിൽ തന്നെ ഉത്തര കൊറിയൻ അനുകൂലി എന്നു മുദ്ര കുത്തുമോ എന്നും രാജ്യത്ത് തർക്കങ്ങൾക്ക് ഇതു കാരണമായേക്കുമോ എന്നും ഉള്ള ആശങ്ക മൂലം ഇതു വരെ അത് പറയാൻ കഴിഞ്ഞിട്ടില്ലെന്നും ലീ ജെ യങ് പറഞ്ഞു.
2024 ഒക്റ്റോബറിൽ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകൾ വിതറാൻ ദക്ഷിണ കൊറിയയുടെ ഡ്രോണുകളും ബലൂണുകളും പ്യോങ്യാങിന് മുകളിലൂടെ മൂന്നു തവണ പറത്തിയെന്ന് ഉത്തരകൊറിയ പരസ്യമായി ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം ദക്ഷിണ കൊറിയൻ സൈന്യം നിഷേധിച്ചു. ലീ ജെ യങ് അധികാരമേറ്റതോടെ ഉത്തര കൊറിയയെ അലോസരപ്പെടുത്തുന്ന നടപടികൾ ദക്ഷിണ കൊറിയ നിർത്തി വച്ചു. അതേ സമയം ദക്ഷിണ കൊറിയൻ പൗരന്മാർ ഉത്തര കൊറിയയിൽ തടവിൽ കിടക്കുന്ന കാര്യം അറിയില്ലെന്ന യങിന്‍റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.