സിറിയൻ പ്രസിഡന്‍റ് അഹമ്മദ് അൽ-ഷറാ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനൊപ്പം
ടെക്സസ്: സിറിയൻ പ്രസിഡന്‍റ് അഹമ്മദ് അൽ-ഷറായുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അൽ ഖ്വയ്ദ മുൻ കമാൻഡർ ആയിരുന്ന അൽ-ഷറായുടെ തലയ്ക്ക് പണ്ട് യുഎസ് 10 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. യുഎസ് പണ്ട് ഭീകരനെന്ന് മുദ്ര കുത്തിയിരുന്ന വ്യക്തിക്കാണ് ഇത്തവണ വൈറ്റ് ഹൗസിൽ ഗംഭീര സ്വീകരണം നൽകിയത് . ഇരുവരും സംസാരിക്കുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. രണ്ട് സുഗന്ധലേപനങ്ങളാണ് ട്രംപ് അൽ-ഷറാന് സമ്മാനമായി നൽകുന്നത്. ഇതിന് മികച്ച സുഗന്ധമാണുള്ളത്. ഒന്ന് നിങ്ങൾക്കുള്ളതാണ്. മറ്റൊന്ന് നിങ്ങളുടെ ഭാര്യക്കും. എത്ര ഭാര്യമാരുണ്ട് എന്ന ചോദ്യത്തിന് അൽ ഷറാ ഒന്ന് എന്ന് മറുപടി നൽകുന്നതും വിഡിയോയിലുണ്ട്.
ചരിത്രത്തിലെ തന്നെ ആദ്യത്തെ അക്ഷരം, ആദ്യത്തെ സ്റ്റാമ്പ്, ആദ്യത്തെ മ്യൂസിക്കൽ നോട്ട്, കസ്റ്റം താരിഫ് എന്നിവയാണ് അൽ-ഷറാ പ്രതീകാത്മകമായി ട്രംപിന് നൽകിയത്.
നമുക്കെല്ലാവർക്കും കഠിനമായ ഒരു ഭൂതകാലമുണ്ടായിരിക്കും. തുറന്നു പറയുകയാണെങ്കിൽ അത്തരത്തിൽ കടുത്ത ഒരു ഭൂതകാലമില്ലായെങ്കിൽ ആർക്കും അവസരം ലഭിക്കില്ലെന്നതാണ് യാഥാർഥ്യമെന്നും ട്രംപ് പറഞ്ഞു.
സിറിയക്കെതിരേയുള്ള ഉപരോധം 180 ദിവസത്തേക്ക് യുഎസ് നിർത്തി വച്ച സാഹചര്യത്തിലാണ് സിറിയൻ പ്രസിഡന്‍റ് യുഎസിലെത്തിയത്. കഴിഞ്ഞ വർഷം ബാഷർ-അൽ അസ്സദിന്‍റെ സർക്കാരിനെ അട്ടിമറിച്ച് അൽ-ഷറാ അധികാരത്തിലേറിയതോടെയാണ് യുഎസ് സിറിയയോടുള്ള നയത്തിൽ മാറ്റം വരുത്തിയത്.