ട്രിസ്റ്റൻ അസ്ബെജ്
ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യമെന്നാണ് വത്തിക്കാൻ അറിയപ്പെടുന്നത്. ക്രൈസ്തവ ജനതയുടെ കേന്ദ്രമായ വത്തിക്കാൻ ഫലത്തിൽ ഒരു രാഷ്ട്രം കൂടിയാണ്. അതിനാൽ തന്നെ മാർപ്പാപ്പ ക്രൈസ്തവ ജനതയുടെ ഇടയൻ മാത്രമല്ല, വത്തിക്കാൻ എന്ന സമ്പന്ന രാജ്യത്തിന്‍റെ അത്യുന്നത ഭരണകർത്താവ് കൂടിയാണ്.
കൊന്നൊടുക്കപ്പെട്ട ക്രൈസ്തവ ജനതയ്ക്കായി ഒരു വാക്കു കൊണ്ടു പോലും ഒന്നും ചെയ്യാൻ തയാറാകാതെ ഗാസയ്ക്കു വേണ്ടി വാദിക്കുന്നു എന്നതിനാലാണ് അടുത്തകാലത്തായി ഫ്രാൻസിസ് മാർപാപ്പ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടതും. ഇസ്രയേലിനെ നഖശിഖാന്തം എതിർക്കുന്ന മാർപാപ്പ, സിറിയയിലും ലെബനനിലും ഇസ്രയേലിലും ജിഹാദികൾ കൊന്നൊടുക്കുന്ന ക്രൈസ്തവ - ജൂത സഹോദരങ്ങളെക്കുറിച്ച് അത്രയും കരുതൽ കാണിച്ചില്ലെന്ന ആരോപണം ശക്തമാണ്.
മുമ്പെങ്ങുമില്ലാത്ത വിധം പാക്കിസ്ഥാനിലും നൈജീരിയയിലും അഫ്ഗാനിസ്ഥാനിലുമെല്ലാം ക്രൈസ്തവർ അതിക്രൂരമായി വേട്ടയാടപ്പെടുകയാണിപ്പോൾ. നൈജീരിയയിൽ മാത്രം ഇതു വരെ 72,000 ക്രൈസ്തവ വംശഹത്യയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഹംഗറി പീഡിത ക്രൈസ്തവർക്കായി ശക്തമായ ചുവടുവയ്പുകൾ നടത്തുന്നത്. ഇത്തരത്തിൽ ഒരു ചുവടു വയ്പു നടത്തിയ ആദ്യത്തെ സർക്കാരാണ് തങ്ങളുടേതെന്നും ഹംഗറി അവകാശപ്പെടുന്നു.
കോംഗോയിലെ ക്രൈസ്തവരുടെ ദുരവസ്ഥയിൽ അവർക്ക് കൈയയച്ചുള്ള സഹായമാണ് ഹംഗറി ഹെൽപ്സ് എന്ന പേരിലുള്ള പദ്ധതിയിലൂടെ ചെയ്തു വരുന്നത്.
ഇപ്പോൾ സിറിയയിൽ വംശഹത്യയ്ക്ക് ഇരയാക്കപ്പെടുന്ന ക്രൈസ്തവവരുടെ ഉന്നമനത്തിനും നിലനിൽപ്പിനുമായി ദീർഘകാല പദ്ധതികൾ അടക്കമുള്ള വൻ പദ്ധതികളാണ് ഹംഗറി ഹെൽപ്സ് നടത്തി വരുന്നത്. ക്രൈസ്തവ സാമൂഹിക ദൗത്യങ്ങൾ, മനുഷ്യാവകാശപരമായ പരിപാടികൾ, സിറിയയിലെ ഒരു സിറിയൻ ഓർത്തഡോക്സ് സ്കൂൾ, മതകേന്ദ്രം എന്നിവയുടെ നിർമാണത്തിനായി 4.6 ദശലക്ഷം യൂറോയുടെ സഹായം ഹംഗേറിയൻ സർക്കാർ നൽകുമെന്ന് ബ്രസൽസിൽ ഈ പ്രൊജക്റ്റിന്‍റെ ചുമതലയുള്ള ഹംഗേറിയൻ വിദേശകാര്യ, വ്യാപാര മന്ത്രാലയത്തിന്‍റെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ അസ്ബെജ് പ്രഖ്യാപിച്ചു.
സിറിയയുടെയും മേഖലയുടെയും ഭാവിയെ പിന്തുണയ്ക്കുന്നതിനുള്ള ഒമ്പതാമത്തെ ദാതാക്കളുടെ സമ്മേളനത്തിന് മുന്നോടിയായി എംടിഐക്ക് നൽകിയ പ്രസ്താവനയിൽ, മുകളിൽ സൂചിപ്പിച്ച പിന്തുണയ്ക്ക് പുറമേ, സിറിയയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളിലെ സിറിയൻ അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും എത്രയും വേഗം അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഹംഗേറിയൻ സർക്കാർ അവർക്ക് പരിചരണം നൽകാനും സഹായിക്കുമെന്ന് സമ്മേളനത്തിൽ ഹംഗറിയെ പ്രതിനിധീകരിച്ച് പ്രഖ്യാപിക്കുമെന്ന് ട്രിസ്റ്റൻ അസ്ബെജ് പറഞ്ഞു.
ഇതു വരെ സിറിയൻ ക്രൈസ്തവർക്ക് വിവിധ ക്രൈസ്തവ സ്ഥാപനങ്ങൾ വഴി 28 ദശലക്ഷം യൂറോയുടെ സഹായം ഹംഗേറിയൻ സർക്കാർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.