ലണ്ടന്‍ നഗരം നാലു തവണ പരവതാനി പോലെ പൊതിയാൻ മാത്രം സമ്പത്ത് - ഇത് ഏതെങ്കിലുമൊരു യൂറോപ്യൻ രാജ്യമല്ല. മറിച്ച് ഇന്നും വികസ്വര രാജ്യമെന്നു ലോകം വിളിക്കുന്ന ഇന്ത്യയാണത്!
വെറുതെയല്ല ബ്രിട്ടൻ ഇന്ത്യയെ കോളനിവത്കരിച്ചതെന്നു സാരം. ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തില്‍ ആദ്യ ദിവസം എല്ലാ വര്‍ഷവും പുറത്തിറക്കുന്ന ആഗോള അസമത്വ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ഓക്‌സ്ഫാം ഇന്‍റര്‍നാഷണലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
1765-1900 കാലഘട്ടത്തിൽ മാത്രം ഇന്ത്യയെ തങ്ങളുടെ കോളനിയാക്കി ഭരിച്ച ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് 64.82 ട്രില്ല്യണ്‍ ഡോളറിന്‍റെ സമ്പത്ത് കടത്തിയതായാണ് ഈ റിപ്പോർട്ട് പറയുന്നത്.
ഇതിൽ തന്നെ, 33.8 ട്രില്ല്യണ്‍ ഡോളറിന്‍റെയും സമ്പത്ത് ബ്രിട്ടനിലെ ഏറ്റവും ധനികരായ 10 ശതമാനം പേര്‍ കൈക്കാലാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാനമായും ഗ്ലോബല്‍ നോര്‍ത്തിലെ ഏറ്റവും ധനികര്‍ക്ക് പ്രയോജനപ്പെടുന്നതിനായി ഗ്ലോബല്‍ സൗത്തില്‍ നിന്ന് സമ്പത്ത് വേര്‍തിരിച്ചെടുക്കുന്ന ഒരു ലോകത്തെയാണ് കോളനി വത്കരണം സൃഷ്ടിച്ചെടുത്തതെന്ന് ‘ടേക്കേഴ്‌സ്, നോട്ട് മേക്കേഴ്‌സ്’ (Takers, Not Makers) എന്ന റിപ്പോര്‍ട്ടില്‍ ഓക്‌സ്ഫാം പറയുന്നു.
കൊളോണിയലിസം തുടങ്ങി വച്ച അസമത്വവും കൊള്ളയും ഇന്നും തുടരുന്നതായും റിപ്പോർട്ട് പറയുന്നു.
വംശീയതയെ അടിസ്ഥാനമാക്കിയുള്ള വിഭജനത്താല്‍ കീറിമുറിക്കപ്പെട്ട ഒരു ലോകം സൃഷ്ടിച്ചവർ ‘ലണ്ടന്‍റെ ഉപരിതലത്തില്‍ നാല് തവണ പരവതാനി പോലെ വിരിക്കാന്‍ മാത്രമുള്ള സമ്പത്ത്’ ഇന്ത്യയിൽ നിന്നു മാത്രം കൊള്ളയടിച്ചു എന്നും റിപ്പോർട്ട് തുടരുന്നു.
1765നും 1900നും ഇടയില്‍ യുകെയിലെ ഏറ്റവും ധനികരായ 10 ശതമാനം പേര്‍ ഇന്ത്യയില്‍നിന്ന് മാത്രം 33.8 ട്രില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന സമ്പത്ത് കൈക്കലാക്കിയതായി ഓക്സ്ഫാം കണ്ടെത്തിയത് വിവിധ പഠനങ്ങളും ഗവേഷണ പ്രബന്ധങ്ങളും അടിസ്ഥാനമാക്കിയാണ്.ബ്രിട്ടീഷ് പൗണ്ട് നോട്ടുകൾ ഉപയോഗിച്ച് ബ്രിട്ടന്‍റെ മുകളിൽ നാലു തവണ പരവതാനി വിരിക്കാനുള്ള സമ്പത്തുണ്ട് ഇതെന്നും ഓക്സ്ഫാം റിപ്പോർട്ട് പറയുന്നു.