റഷ്യയുടെ സുഖോയ്-57
file photo
റഷ്യയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ സുഖോയ്-57(Su-57) വാങ്ങുന്നതിനെ കുറിച്ച് ഇന്ത്യ ഗൗരവമായി ആലോചിക്കുന്നു. ചൈന തങ്ങളുടെ അതിർത്തികളിൽ ജെ-20 സ്റ്റെൽത്ത് വിമാനങ്ങൾ വിന്യസിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം. അത്യന്താധുനിക റഡാറുകളെ വെട്ടിക്കാനുള്ള ശേഷിയും ദീർഘദൂര ആക്രമണ കരുത്തുമുള്ള സുഖോയ് വിമാനങ്ങൾ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കും.
നേരത്തെ ഈ വിമാനത്തിന്‍റെ സംയുക്ത നിർമാണ പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. എന്നാൽ വിമാനത്തിന്‍റെ സാങ്കേതിക വിദ്യയിൽ റഷ്യ വരുത്തിയ മാറ്റങ്ങളും നിലവിലെ സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്താണ് തീരുമാനം പുന: പരിശോധിക്കുന്നത്. വിമാനങ്ങൾ നേരിട്ട് വാങ്ങുന്നതിനൊപ്പം ഇന്ത്യയിൽ വച്ച് നിർമിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറുന്നതിനെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാൻ തദ്ദേശീയമായി വികസിപ്പിക്കുന്ന എഎംസിഎ (AMCA) പദ്ധതി പൂർത്തിയാകാൻ വൈകുമെന്നതാണ് റഷ്യൻ വിമാനങ്ങളിലേക്ക് ഇന്ത്യയെ ആകർഷിക്കുന്നത്.
നിലവിൽ വ്യോമസേന ഉപയോഗിക്കുന്ന സുഖോയ്-30 എംകെഐ വിമാനങ്ങളുടെ നവീകരണവും ഇതിനൊപ്പം നടക്കും. ചൈനയുടെ ആധുനിക വ്യോമശക്തിക്ക് കൃത്യമായ മറുപടി നൽകാൻ സുഖോയ്-57 സഹായിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.