ഇന്ധന ക്ഷാമത്തിന് സാധ്യത; എൽപിജി റേഷനാക്കാൻ ആലോചന
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യിൽ എൽപിജി ക്ഷാമത്തിന് സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇന്ധനക്ഷാമത്തിന് സാധ്യതയുള്ള സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള പെട്രോൾ, ഡീസൽ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും എൽപിജി റേഷൻ അടിസ്ഥാനത്തിൽ വിതരണം ചെയ്യാനും റഷ്യൻ ക്രൂഡ് ഇറക്കുമതി വേഗത്തിലാക്കാനും നീക്കമുണ്ട്.
നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനുള്ള നടപടികളെല്ലാം സ്വീകരിച്ചതായും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോളിയം മന്ത്രി ഹർദീപ് പുരിയും സ്ഥിതിഗതികൾ വിലയിരുത്തി.
രാജ്യത്ത് വിതരണം ചെയ്യുന്നതിൽ 85 ശതമാനം എൽപിജിയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. ഇവയെല്ലാം ഹോർമുസ് കടലിടുക്ക് വഴി എത്തുന്നതാണെന്നതും പ്രധാനമാണ്. പുതിയ ടാങ്കറുകൾ വന്നില്ലെങ്കിൽ രണ്ടാഴ്ചത്തേക്കു കൂടിയുള്ള ശേഖരം മാത്രമേ ഇന്ത്യയിലുള്ളൂ എന്നും നിരീക്ഷകർ പറയുന്നു.
കിഴക്കു-പടിഞ്ഞാറൻ ക്രൂഡ് ഓയിൽ ഗതാഗതത്തിൽ 86 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. മാർച്ച് 1ന് മൂന്ന് ടാങ്കറുകൾ മാത്രമാണ് കടലിടുക്ക് വഴി കടന്നു പോയത്. എന്നാൽ തിങ്കളാഴ്ച ഒരൊറ്റ ടാങ്കർ മാത്രമേ കടന്നു പോയിട്ടുള്ളൂ. കടലിടുക്കിന്‍റെഇരുവശങ്ങളിലുമായി 706 ടാങ്കറുകളാണ് കാത്തു കിടക്കുന്നത്. ഇതിൽ 334 ക്രൂഡ് ടാങ്കറുകളാണുള്ളത്. സംഘർഷം ഇതേ രീതിയിൽ തന്നെ തുടരുകയാണെങ്കിൽ ഗതാഗതം മുടങ്ങുന്ന ടാങ്കറുകളുടെ എണ്ണം വർധിക്കും. അതോടെ ലോകത്താകമാനം ഇന്ധന വിതരണം താറുമാറാകുമെന്നാണ് നിരീക്ഷകർ പറയുന്നത്.
ചൈനയിലും ഇന്ത്യയിലും വൻതോതിൽ ഗൾഫിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി ചെയ്യുന്നുണ്ട്. അതു കൊണ്ട് ഇന്ധന ക്ഷാമമുണ്ടായാൽ ഇരുരാജ്യങ്ങളെയും പ്രകടമായി ബാധിക്കും.
യുഎസ്, പടിഞ്ഞാറൻ ആഫ്രിക്ക, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് ക്രൂഡ് വാങ്ങാനാണ് ഏഷ്യ, യൂറോപ്പ് രാജ്യങ്ങൾ നിലവിൽ കണക്കു കൂട്ടിയിരിക്കുന്നത്. യുഎസുമായുള്ള വ്യാപാരക്കരാർ പ്രകാരം റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിൽ നിന്ന് പിൻമാറാനായിരുന്നു ഇന്ത്യ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ റഷ്യൻ എണ്ണയെ ആശ്രയിക്കുകയല്ലാതെ മറ്റു മാർഗമില്ല.