പ്രക്ഷോഭത്തിൽ പങ്കെടുത്തവർ മൂന്നു ദിവസത്തിനുള്ളിൽ കീഴടങ്ങണം; മുന്നറിയിപ്പുമായി ഇറാൻ പൊലീസ്
ടെഹ്റാൻ: ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ മൂന്നു ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് മുന്നറിയിപ്പ്. ഇറാൻ പൊലീസ് മേധാവിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കീഴടങ്ങാത്ത പക്ഷം കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും പൊലീസ് മേധാവി അറിയിച്ചു. ദേശീയ പൊലീസ് മേധാവി അഹ്മദ് റെസ് റാദർ ഇക്കാര‍്യം പറഞ്ഞതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ‍്യത്തെ പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനുമെതിരേ തുടങ്ങിയ പ്രക്ഷോഭം പിന്നീട് ഇറാനിയൻ ഭരണകൂടത്തിനെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 28നാണ് പ്രക്ഷോഭകാരികൾ തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തിൽ 5,000ത്തോളം പേർ കൊല്ലപ്പെട്ടതായാണ് മനുഷ‍്യാവകാശ സംഘടനകളുടെ അവകാശവാദം.