റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചേക്കും

 

file photo

World

റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചേക്കും

ഇതോടെ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ തടസവും നീങ്ങിയേക്കും

Reena Varghese

ന്യൂഡൽഹി: രണ്ടു പ്രമുഖ റഷ്യൻ എണ്ണ ഉത്പാദകർക്കെതിരെയുള്ള അമെരിക്കൻ ഉപരോധത്തെ തുടർന്ന് റഷ്യൻ എണ്ണയുടെ ഇറക്കുമതി കുത്തനെ കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതോടെ ഇന്ത്യ-യുഎസ് വ്യാപാര കരാറിനുള്ള പ്രധാന തടസം നീങ്ങുമെന്നാണ് കരുതുന്നത്. റഷ്യൻ ക്രൂഡ് ഓയിലിന്‍റെ ഏറ്റവും വലിയ ഇന്ത്യൻ ഉപഭോക്താവാണ് റിലയൻസ് ഇൻഡസ്ട്രീസ്. അവർ റഷ്യയുടെ റോസ്നെഫ്റ്റുമായി നിലവിലുള്ള ദീർഘകാല കരാർ നിർത്തലാക്കാനോ ഇറക്കുമതി കുറയ്ക്കാനോ പദ്ധതിയിടുന്നു എന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

റഷ്യൻ എണ്ണ ഇറക്കുമതിയുടെ പുന:ക്രമീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സർക്കാരിന്‍റെ മാർഗനിർദേശങ്ങളുമായി പൂർണമായും യോജിച്ച് റിലയൻസ് പ്രവർത്തിക്കുമെന്നാണ് റിലയൻസ് വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞത്.ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നിവ ഉൾപ്പടെയുള്ള ഇന്ത്യൻ പൊതുമേഖലയാ റിഫൈനറികളും റോസ്നെഫ്റ്റിൽ നിന്നും ലുക്കോയിലിൽ നിന്നും നേരിട്ട് എണ്ണ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ വ്യാപാര രേഖകളുടെ പരിശോധന കർശനമാക്കിയിരിക്കുകയാണ് യുഎസ്.

പടിഞ്ഞാറൻ ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സമുച്ചയം സ്വന്തമായുള്ള മുകേഷ് അംബാനിയുടെ റിലയൻസിന് റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിൽ നിന്ന് പ്രതിദിനം ഏകദേശം 5,00,000 ബാരൽ ക്രൂഡ് ഓയിൽ വാങ്ങാൻ ദീർഘകാല കരാറുണ്ട്. ഇടനിലക്കാരിൽ നിന്നും റിലയൻസ് എണ്ണ വാങ്ങുന്നുണ്ട്.

റിലയൻസ് നിലവിൽ മിഡിൽ ഈസ്റ്റിൽ നിന്നും ബ്രസീലിൽ നിന്നും സ്പോട്ട് ക്രൂഡ് കാർഗോകൾ വാങ്ങിയിട്ടുണ്ടെന്നും ഇത് റഷ്യൻ വിതരണത്തിനു പകരമായി ഉപയോഗിക്കാമെന്നും ഈ മേഖലയിലുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യൻ പൊതുമേഖല റിഫൈനറികൾ ഇടനിലക്കാർ വഴിയാണ് എണ്ണ വാങ്ങുന്നത്. യുക്രെയ്ൻ-റഷ്യ യുദ്ധത്തോടെ വിലക്കിഴിവുള്ള റഷ്യൻ ക്രൂഡ് ഓയിലിന്‍റെ ഏറ്റവും വലിയ ഉപഭോക്താവായി ഇന്ത്യ മാറി. ഈ വർഷത്തെ ആദ്യ ഒൻപതു മാസക്കാലം പ്രതിദിനം ഏതാണ്ട് 1.7 ദശലക്ഷം ബാരലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

ചാലക്കുടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി