മസൂദ് അസർ
കറാച്ചി: 5,000ത്തിലേറെ സ്ത്രീകളെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ വനിതാ വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്തെന്ന് തലവൻ മസൂദ് അസർ. അംഗങ്ങളുടെ എണ്ണം വർധിച്ചു വരുന്നതിനാൽ ജില്ലാ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും മസൂദ് അസർ കൂട്ടിച്ചേർത്തു.
സോഷ‍്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു മസൂദ് അസറിന്‍റെ വെളിപ്പെടുത്തൽ. റിക്രൂട്ട്മെന്‍റ് ആരംഭിച്ച് ആഴ്ചകൾക്കകം 5,000 പേർ ചേർന്നുവെന്നത് ദൈവത്തിന്‍റെ അനുഗ്രഹമാണെന്നും മസൂദ് അസർ സമൂഹമാധ‍്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ജമാഅത്ത് ഉൽ മോമിനാത്ത് എന്നാണ് ജെയ്ഷെ മുഹമ്മദ് അടുത്തിടെ രൂപീകരിച്ച വനിതാ വിഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. മസൂദ് അസറിന്‍റെ സഹോദരി സാദിയയാണ് ജമാഅത്ത് ഉൽ മോമിനാത്തിന് നേതൃത്വം നൽകുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത‍്യ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട യൂസഫ് അസറിന്‍റെ ഭാര‍്യ കൂടിയാണ് സാദിയ.