ജാപ്പനീസ് ബാബാ വാംഗ- റിയോ തത്സുകി

 

getty image

World

ജൂലൈ അഞ്ചിന് വൻ പ്രകൃതി ദുരന്തം കാത്ത് ജപ്പാൻ

പ്രവചനം ജാപ്പനീസ് ബാബാ വാംഗ- റിയോ തത്സുകിയുടേത്

ടോക്കിയോ: ഒരു ജാപ്പനീസ് മാംഗ ആർട്ടിസ്റ്റിന്‍റെ പ്രവചനത്തിന്‍റെ കുരുക്കിലാണ് ജപ്പാനും ചൈനയും തായ്‌വാനുമൊക്കെ. ജാപ്പനീസ് ബാബാ വാംഗ എന്നറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനമാണ് മേഖലയിലാകെ ഭീതിയും ആശയക്കുഴപ്പവും ഉണ്ടാക്കിയത്. ഈ വർഷം ജൂലൈ അഞ്ചിനു പുലർച്ചെ 4.18ന് വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് റിയോ തത്സുകിയുടെ പ്രവചനം.

കൊവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇവരുടെ ഫ്യൂച്ചർ ഐ സോ എന്ന കൃതിയിലൂടെയാണ് ഇത്തരം പ്രവചനങ്ങൾ നടത്താറ്. 2011ലെ ഭൂകമ്പവും അതേത്തുടർന്നുണ്ടായ സുനാമിയും ഇവരുടെ കൃതിയുടെ കവർ പേജിൽ തന്നെ രേഖപ്പെടുത്തിയിരുന്നു. അതിൽ പറയുന്ന ദിവസം തന്നെ, അവർ അതിൽ വിശദീകരിച്ച പോലെ തന്നെ ദുരന്തമുണ്ടായി.

1999ൽ പ്രിന്‍റ് ചെയ്ത ഈ പുസ്തകത്തിൽ പറഞ്ഞ പ്രകാരം 2011ൽ സുനാമി ഉണ്ടായതിനു ശേഷം ഈ കൃതി ജപ്പാനിൽ ചൂടപ്പം പോലെ വിറ്റു പോയി. തത്സുകി കാണുന്ന സ്വപ്നങ്ങളെ ആധാരമാക്കി അവരെഴുതിയ പുസ്തകമാണിത്. ഇതിൽ അവർ പലപ്പോഴായി കണ്ട സ്വപ്നങ്ങളാണ് ഉള്ളത്.

അതിന്‍റെ കവർ പേജിൽ പറഞ്ഞ 2011ലെ ദുരന്തം മുതൽ പതിനഞ്ചോളം സ്വപ്നങ്ങളെപ്പറ്റി അവർ എഴുതി. അതിൽ പതിമൂന്നും സംഭവിച്ചതായാണ് ആരാധകരുടെ പക്ഷം.

ഡയാന രാജകുമാരിയുടെ ദാരുണമായ അന്ത്യം, കോവിഡ് വ്യാപനം എന്നിവയെല്ലാം ഈ പുസ്തകത്തിൽ അവർ എഴുതിയിരുന്നത്രെ. ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലെങ്കിലും ഇന്‍റർനെറ്റിൽ ജൂലൈ അഞ്ചിനു നടക്കാൻ പോകുന്ന ദുരന്തത്തെപ്പറ്റിയുള്ള ചർച്ചകൾ ജപ്പാനിലെങ്ങും ശക്തി പ്രാപിച്ചിരിക്കുകയാണ്. ഭയചകിതരായ ജനങ്ങൾ ഇപ്പോൾ ജപ്പാൻ, തായ് വാൻ, ഹോങ്കോങ് തുടങ്ങി ജപ്പാനും ചൈനയ്ക്കുമിടയിൽ ഉള്ള യാത്രകളെല്ലാം ഒഴിവാക്കിയിരിക്കുകയാണ്. അന്നേ ദിവസം ബുക്ക് ചെയ്തിരുന്ന പല യാത്രകളും റദ്ദാക്കപ്പെട്ടതോടെ ഇരു രാജ്യങ്ങളിലെയും വിനോദ സഞ്ചാര മേഖലയെ ഈ പ്രവചനം സാരമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ.

ജപ്പാൻകാരെ ഭീതിപ്പെടുത്തുന്ന തത്സുകി പ്രവചനം ഇതാണ്: ജപ്പാനും ഫിലിപ്പീൻസിനും ഇടയിൽ കടൽ തിളച്ചു മറിയും. ഇത് 2025 ജൂലൈ അഞ്ചിനു പുലർച്ചെ 4.18 ന് സംഭവിക്കുമെന്നാണ് ബുക്കിലുള്ളത്. ഇതിനെ പല തരത്തിൽ വ്യാഖ്യാനിക്കുന്നു. ഭൗമാന്തർ ഭാഗത്തു നിന്നുള്ള ലാവ പ്രവാഹമായും അതൊരു വലിയ ഭൂകമ്പ സൂചനയായും അതുമല്ല, കടൽ തിളച്ചു മറിയണമെങ്കിൽ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടർന്നുണ്ടാകുന്ന സുനാമിയുടെയും സൂചനയാണെന്നും വ്യാഖ്യാനങ്ങളുണ്ടായതോടെ കാര്യങ്ങൾ കൈവിട്ടു.

ഇതിനെക്കുറിച്ചുള്ള ഹാഷ് ടാഗുകളാൽ സോഷ്യൽ മീഡിയ നിറഞ്ഞതോടെ ജപ്പാൻ കാർ വല്ലാതെ പേടിച്ചു. ഇപ്പോൾ എൺപതു ശതമാനവും യാത്രകൾ റദ്ദാക്കിയ അവസ്ഥയിലാണ് ജപ്പാൻ ജനത.

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

സ്ത്രീധനപീഡനം: വിവാഹത്തിന്‍റെ നാലാംനാള്‍ നവവധു ജീവനൊടുക്കി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

പതഞ്ജലിക്ക് വീണ്ടും തിരിച്ചടി; ഡാബറിനെതിരായ പരസ്യങ്ങൾ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി

വാഹനാപകടം; ലിവർപൂൾ താരം ഡിയോഗോ ജോട്ടയും സഹോദരനും മരിച്ചു