ജപ്പാന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രി: സനേ തകായിചി

 

photo- EPA

World

ജപ്പാന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രി: സനേ തകായിചി

ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവാണ് സനേ തകായിചി

Reena Varghese

ഇക്കഴിഞ്ഞ ഒക്റ്റോബർ 15 ജപ്പാന്‍റെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട ഒരു ദിനമായിരുന്നു. ജപ്പാന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനേ തകായിചി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റതോടെയാണ് ജപ്പാൻ ചരിത്ര നിമിഷത്തിലേയ്ക്കു കാലെടുത്തു വച്ചത്. പതിറ്റാണ്ടുകളായി വ്യക്തമായ പുരുഷ മേധാവിത്വം നില നിൽക്കുന്ന ജാപ്പനീസ് രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവായാണ് ഈ നീക്കത്തെ വിശകലന വിദഗ്ധർ വിശേഷിപ്പിച്ചത്. എല്ലാ പ്രധാന പാർട്ടികളും തമ്മിലുള്ള തീവ്രമായ ചർച്ചകൾക്കു ശേഷമായിരുന്നു ഈ കരാർ ഉണ്ടായതു തന്നെ.

ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവാണ് സനേ തകായിചി. ജപ്പാനിലെ മുൻ സാമ്പത്തിക സുരക്ഷാ മന്ത്രി കൂടിയായിരുന്ന തകായിചി രണ്ടാം ഘട്ട വോട്ടെടുപ്പിൽ കൃഷി മന്ത്രി ഷിൻജിറോ കൊയിസുമിയെ പരാജയപ്പെടുത്തി. കൊയിസുമിയുടെ 156 വോട്ടുകൾക്കെതിരെ 185 വോട്ടുകൾ നേടിയായിരുന്നു അവരുടെ വിജയം.

ആദ്യ റൗണ്ട് വോട്ടെടുപ്പിൽ പാർട്ടി നേതൃത്വ മത്സരത്തിലെ അഞ്ചു സ്ഥാനാർഥികളിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. കഴിഞ്ഞ മാസം പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ രാജിയോടെയാണ് നേതൃത്വ തെരഞ്ഞെടുപ്പു നടന്നത്. സനേ തകായിചിയ്ക്കൊപ്പം മുൻ എൽഡിപി സെക്രട്ടറി ജനറൽ തോഷിമിറ്റ്സു മൊടേഗി, ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി, കൃഷി മന്ത്രി ഷിൻജിറോ കൊയിസുമി,തകായുകി കൊബയാഷി എന്നിവരും മത്സരാർഥികളായിരുന്നു.

എന്നാൽ തകായാച്ചിയുടെ കസേര അത്ര എളുപ്പമുള്ളതല്ല. മുൻ ടിവി അവതാരകയും ഹെവി മെറ്റൽ ഡ്രമ്മറുമായ ഈ അറുപത്തിനാലുകാരിയുടെ ഏറ്റവും വലിയ വെല്ലുവിളി ജപ്പാന്‍റെ മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും നിരന്തരമായ പണപ്പെരുപ്പവും സ്തംഭനാവസ്ഥയിലുള്ള വേതനവും മൂലം ബുദ്ധിമുട്ടുന്ന ജപ്പാൻ ജനത തന്നെയാണ്. കൂടാതെ യുഎസ്-ജപ്പാൻ ബന്ധത്തിൽ നിലവിൽ മുൻ സർക്കാർ അംഗീകരിച്ച ട്രംപ് ഭരണകൂടവുമായുള്ള താരിഫ് കരാർ പാസാക്കുകയും ചെയ്യണം. ഇതെല്ലാമാണ് തകായാച്ചിയെ കാത്തിരിക്കുന്ന വെല്ലുവിളികൾ.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ