ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി യുഎസ് - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം.
ശനിയാഴ്ച രാവിലെ ആരംഭിച്ച ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടെന്ന വാർത്ത താൻ വിശ്വസിക്കുന്നു എന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിനു മിനിറ്റുകൾക്കുള്ളിൽ ഖമനേയിയുടെ എക്സ് അക്കൗണ്ടിൽ നിന്ന് ''ഹൈദറുടെ നാമത്തിൽ'' എന്നൊരു സന്ദേശം പേർഷ്യൻ ഭാഷയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ഇറാൻ അധികൃതർ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ശനിയാഴ്ച രാവിലെ തന്‍റെ ഓഫിസിൽ വച്ചാണ് ഖമനേയി ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് ഇറേനിയൻ അധികൃതർ ഞായറാഴ്ച പുലർച്ചെ വെളിപ്പെടുത്തിയിരിക്കുന്നത്. ഖമനേയിയുടെ മകളും മരുമകനും ഇറാന്‍റെ ആഭ്യന്തര മന്ത്രിയും അടക്കമുള്ളവർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇതിനു മുൻപ് തന്നെ സ്ഥിരീകരണമുണ്ടായിരുന്നു.
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചിക വ്യക്തിത്വങ്ങളിൽ ഒരാൾ എന്നാണ് ഖമനേയിയെ ട്രംപ് വിശേഷിപ്പിച്ചത്. രാജ്യം തിരിച്ചുപിടിക്കാൻ ഇറാൻ ജനതയോട് യുഎസ് പ്രസിഡന്‍റ് ആഹ്വാനം ചെയ്തു.
ഖമനേയിയുടെ മരണത്തെത്തുടർന്ന് പലയിടങ്ങളിലും ഇറാനിലെ ജനങ്ങൾ തെരുവിലിറങ്ങി ആഹ്ളാദ പ്രകടനം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, പരമോന്നത നേതാവിന്‍റെ മരണത്തിന് യുഎസിനും ഇസ്രയേലിനും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.