ഫ്രാൻസിൽ കാട്ടു തീ രൂക്ഷം

 
World

ഫ്രാൻസിനെ ദഹിപ്പിച്ച് കാട്ടു തീ

പടിഞ്ഞാറൻ യൂറോപ്പിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്

Reena Varghese

പാരീസ്: പടിഞ്ഞാറൻ യൂറോപ്പിൽ ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടാണ് രേഖപ്പെടുത്തപ്പെടുന്നത്. ഈ മേഖലയിൽ ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂടു രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കി.

റെക്കോർഡ് ചൂടിനു പിന്നാലെ ഫ്രാൻസിൽ വ്യാപകമായ കാട്ടുതീയും റിപ്പോർട്ട് ചെയ്തു. ഫ്രാൻസിലെ പിറിനീസ് മലനിരകളിലാണ് തീ പടരുന്നത്. പുതിയ റിപ്പോർട്ട് അനുസരിച്ച് നൂറു കണക്കിന് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രിക്കുന്നതിനായുള്ള ശ്രമം തുടരുകയാണ്. ജൂണിൽ പടിഞ്ഞാറൻ യൂറോപ്പിൽ അനുഭവപ്പെട്ട അതിശക്തമായ ഉഷ്ണതരംഗം നിരവധി രാജ്യങ്ങളിലെ താപനില റെക്കോർഡുകൾ

തകർത്തിരുന്നു. അതിന്‍റെ തുടർച്ചയായി ജൂലൈയിലും കടുത്ത ചൂടു തുടരുന്നതിനിടെ ഫ്രാൻസ് ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ നിരവധി കാട്ടു തീകൾ പടരുകയാണ്. സ്പാനിഷ് അതിർത്തിക്കു സമീപമുള്ള തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ പടരുന്ന കാട്ടുതീ ഇതിനകം

4,936 ഹെക്ടര്‍ (ഏകദേശം 12,000 ഏക്കര്‍) വനമേഖല നശിപ്പിച്ചതായി ഫ്രഞ്ച് അധികൃതർ അറിയിച്ചു. പിറിനീസ്-ഓറിയന്‍റാൽസ് മേഖലയിലെ 27 മുനിസിപ്പാലിറ്റികളിൽ നിന്നായി കുറഞ്ഞത് 12,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. ചില പ്രദേശങ്ങളിൽ തീയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് ഏതാനും കുടുംബങ്ങൾക്ക് വീടുകളിലേയ്ക്കു മടങ്ങാൻ അനുമതി നൽകി.

ഏകദേശം 2,200 പേർ താമസിക്കുന്ന വിൻസാ നഗരവും തൊട്ടടുത്തുള്ള പതിനൊന്നോളം ഗ്രാമങ്ങളും ഇപ്പോഴും ഒഴിപ്പിച്ച നിലയിലാണ്. സംഭവസ്ഥലത്തു നിന്ന് പുറത്തു വന്ന ദൃശ്യങ്ങളിൽ നിരവധി വീടുകളും വാഹനങ്ങളും കത്തി നശിച്ചതും വിശാലമായ വനപ്രദേശങ്ങൾ കരിഞ്ഞു കിടക്കുന്നതും കാണാം. അഗ്നിശമന വിമാനങ്ങൾ തീ പിടിച്ച പ്രദേശങ്ങൾക്കു മുകളിൽ പറന്ന് തീ നിയന്ത്രണത്തിനുള്ള പ്രത്യേക രാസവസ്തുക്കൾ തളിക്കുന്നതും

ദൃശ്യങ്ങളിലുണ്ട്. ഫ്രാൻസിനെ സഹായിക്കാൻ സ്വീഡനിൽ നിന്നും സൈപ്രസിൽ നിന്നുമുള്ള അഗ്നിശമന വിമാനങ്ങൾ അയച്ചതായി യൂറോപ്യൻ യൂണിയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഏകദേശം 450 അഗ്നിശമന സേനാംഗങ്ങൾ കരയിലും ആകാശത്തുമായി തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും 40 ഡിഗ്രി സെൽഷ്യസിനു മുകളിലെ താപനിലയും മണിക്കൂറിൽ 48 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുകയാണ്. കൂടാതെ 170 സുരക്ഷാസേനാംഗങ്ങളെയും പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെ തീ കൂടുതൽ വ്യാപിച്ചില്ലെന്ന് അധികൃതർ അറിയിച്ചതോടെ രക്ഷാപ്രവർത്തനത്തിൽ നേരിയ പുരോഗതി ഉണ്ടായതായാണ് വിലയിരുത്തൽ. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ചില പ്രദേശങ്ങളിൽ ബുധനാഴ്ച താപനില 40.5 ഡിഗ്രി സെൽഷ്യസിലെത്തുമെന്നും രാജ്യത്തിന്‍റെ മുക്കാൽ ഭാഗത്തും 35 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കുമെന്നും കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നു. രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും നിലവിൽ ഉയർന്ന അഗ്നിബാധാ മുന്നറിയിപ്പിലാണ്. കുറഞ്ഞത് 54 പ്രാദേശിക ഭരണവിഭാഗങ്ങളിൽ ഉയർന്നതോ അതി തീവ്രമോ ആയ കാട്ടുതീ മുന്നറിയിപ്പ് തുടരുകയാണ്.

കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് 2026 ജൂൺ പടിഞ്ഞാറൻ യൂറോപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു.

ആഗോള സമുദ്രങ്ങളിലെ അസാധാരണമായ ചൂടും തുടർന്നു കൊണ്ടിരിക്കുകയാണെന്നും യൂറോപ്യൻ സെന്‍റർ ഫൊർ മീഡിയം റേഞ്ച് വെതർ ഫൊർകാസ്റ്റിലെ കാലാവസ്ഥാ വിഭാഗം മേധാവി സാമന്ത ബർഗസ് റിപ്പോർട്ടിൽ പറഞ്ഞു. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ കാട്ടുതീ നിലവിൽ ഫ്രാൻസിലെ പിറിനീസ് മലനിരകളിലാണ് പടരുന്നത്. ഇതേത്തുടർന്ന് സ്പെയിനിലെ ബാഴ്സിലോണയിൽ നിന്ന് ആരംഭിച്ച പ്രശസ്തമായ ടൂർ ഡി ഫ്രാൻസ് സൈക്ലിങ് മത്സരത്തിന്‍റെ പാതയോരത്ത് കാണികളെ പ്രവേശിപ്പിക്കുന്നത് സംഘാടകർ നിരോധിച്ചു.

"പിറിനീസ്-ഓറിയന്‍റാൽസ് മേഖലയിലെ വൻ കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനയും സുരക്ഷാ സേനയും വിവിധ സർക്കാർ ഏജൻസികളും വൻ തോതിൽ വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെയും സ്വത്തിന്‍റെയും പ്രകൃതിയുടെയും സംരക്ഷണമാണ് ഏറ്റവും പ്രാധാന്യം' സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു.

കാത്തിരിക്കുന്നത് വധശിക്ഷയാണെന്ന് അറിയാം, പക്ഷേ പോണം; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

തോക്ക് ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടു; യുവാവ് അറസ്റ്റിൽ

സുപ്രീം കോടതിയിൽ ഹർജിക്കാരന്‍റെ അസഭ്യവർഷം; 'സാരമില്ല പോട്ടെ' എന്ന് ജഡ്ജി

മുംബൈ-പുനെ പാതയിൽ മണ്ണിടിച്ചിൽ; 30 ട്രെയ്നുകൾ റദ്ദാക്കി

ബിഹാറിൽ വ്യാജ ബിരുദം ഉപയോഗിച്ച് നിയമനം നേടിയത് 3,000ത്തിലധികം അധ‍്യാപകർ; എല്ലാവരെയും പിരിച്ചുവിടുമെന്ന് മന്ത്രി