കഴിഞ്ഞ വർഷം ലോകത്ത് കൊല്ലപ്പെട്ടത് 83,000 പെൺകുട്ടികൾ: യുഎൻഒഡിസി
file photo
ജനീവ: ലോകത്ത് കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടത് 83000 പെൺകുട്ടികൾ എന്ന് ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾക്കായുള്ള ഓഫീസ് (UNODC) റിപ്പോർട്ട് ചെയ്യുന്നു. യുഎൻഡിസിയുടെ തന്നെ മറ്റൊരു റിപ്പോർട്ടിൽ ലോകമെമ്പാടും ഓരോ പത്തു മിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ കൊല്ലപ്പെടുന്നതായും വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട 83,000 പെൺകുട്ടികളിൽ 60ശതമാനവും കൊല്ലപ്പെട്ടത് അവരുടെ അടുത്ത പങ്കാളികളാലോ കുടുംബാംഗങ്ങളാലോ ആണ്. ഇത് മാത്രം 50,000 സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടുന്നു.
15 വയസിനു മുകളിൽ പ്രായമുള്ള 263 ദശലക്ഷം സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായതായും യൂണിസെഫ് റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ ആഗോള പ്രതിസന്ധിയാണെന്ന് കാട്ടിയാണ് റിപ്പോർട്ട് പുറത്തു വിട്ടത്. ആഗോള തലത്തിൽ ഏകദേശം 840 ദശലക്ഷം സ്ത്രീകൾ അക്രമമോ ലൈംഗിക അതിക്രമമോ നേരിട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഓരോ അതിക്രമവും തുടർന്നുണ്ടാകുന്ന ഭീതിപ്പെടുത്തുന്ന ഫലങ്ങളും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. 14-17 പ്രായത്തിലുള്ള കൗമാരക്കാർക്കെതിരെയാണ് ലൈംഗികാതിക്രമങ്ങൾ കൂടുതലും സംഭവിച്ചതെന്നു പറയുന്ന സംഘടനാ റിപ്പോർട്ടിൽ ലൈംഗിക അതിക്രമങ്ങൾ അനുഭവിക്കുന്ന കുട്ടികൾ ആവർത്തിച്ചുള്ള പീഡനത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് ഉള്ള പഠനവുമുണ്ട്.