റിച്ചാർഡ് നിക്സൺ, ഡോണൾഡ് ട്രംപ്.

 

file image

World

മാഡ് മാൻ തിയറി: റിച്ചാർഡ് നിക്സൺ മുതൽ ഡോണൾഡ് ട്രംപ് വരെ

യുഎസ്- ഇറാൻ വെടിനിർത്തൽ കരാറിനു ശേഷം തുടരുന്ന ഏറ്റുമുട്ടലുകളും ട്രംപിന്‍റെ വാചാടോപങ്ങളും ശീതയുദ്ധകാലത്തെ യുഎസ് പ്രസിഡന്‍റ് റിച്ചാർഡ് നിക്സന്‍റെ ചില ഭ്രാന്തൻ തന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നു

Reena Varghese

താൻ "ഏറെക്കുറെ ഭ്രാന്തനാണെന്നും" അങ്ങേയറ്റത്തെ ക്രൂരതയ്ക്ക് പ്രാപ്തനാണെന്നും വിദേശ ഉദ്യോഗസ്ഥരെ അറിയിക്കാൻ നിക്സൺ സഹായികൾക്ക് നിർദേശം നൽകിയിരുന്നു. എതിരാളികളിൽ ഭയവും അനിശ്ചിതത്വവും വളർത്തുക എന്നതായിരുന്നു ലക്ഷ്യം.

റീന വർഗീസ് കണ്ണിമല

അമെരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച ശേഷവും തുടരുന്ന ഏറ്റുമുട്ടലുകളും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അനർഗളമായ വാചാടോപങ്ങളും പ്രവചനാതീതമായ ചർച്ചാ തന്ത്രങ്ങളും ഇപ്പോഴെത്തി നിൽക്കുന്നത് ശീതയുദ്ധകാലത്തെ യുഎസ് പ്രസിഡന്‍റ് റിച്ചാർഡ് നിക്സന്‍റെ ചില ഭ്രാന്തൻ തന്ത്രങ്ങളുടെ ഓർമപ്പെടുത്തലിൽ.

ഈ യുദ്ധത്തെ ട്രംപ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് നിരവധി ഗുരുതരമായ ചോദ്യങ്ങളാണ് ഇപ്പോൾ നിരീക്ഷകരുടെ ഇടയിൽ ഉയർന്നു വരുന്നത്.

"ഭ്രാന്തൻ മനുഷ്യൻ സിദ്ധാന്തം":

എന്താണ് മാഡ് മാൻ തിയറി?

അന്താരാഷ്ട്ര ബന്ധങ്ങളിലെ ഒരു തന്ത്രപരമായ ആശയമാണ് 'ഭ്രാന്തൻ മനുഷ്യൻ' സിദ്ധാന്തം, അഥവാ മാഡ് മാൻ തിയറി. ഇവിടെ ഏതെങ്കിലുമൊരു രാഷ്ട്രത്തലവൻ മനഃപൂർവം യുക്തിരഹിതനായോ അസ്ഥിരനായോ പ്രവചനാതീതമായ പ്രതിച്ഛായ അവതരിപ്പിക്കുന്നവനായോ പ്രത്യക്ഷപ്പെടുന്നു.

ആണവയുദ്ധം ഉൾപ്പടെ എന്തും പ്രയോഗിക്കാൻ കഴിവുണ്ടെന്ന് എതിരാളികളെ വിശ്വസിപ്പിക്കുകയാണ് ലക്ഷ്യം. ഒരു പ്രത്യേക ദുരന്തം ഒഴിവാക്കാൻ വേണ്ട വിട്ടുവീഴ്ചകൾ ചെയ്യാൻ എതിരാളികളെ സമ്മർദത്തിലാക്കുകയാണ് ഈ തന്ത്രത്തിന്‍റെ ലക്ഷ്യം. ഒരാൾ "ഭ്രാന്തനാണ്" എന്ന് മറ്റുള്ളവർ കരുതുന്നുവെങ്കിൽ, അയാളുടെ ഭീഷണികൾ (ഏറ്റവും തീവ്രമായത് പോലും) വിശ്വസനീയമാകും എന്നതാണ് ഇതിനു പിന്നിലെ യുക്തി.

വിയറ്റ്നാം യുദ്ധകാലത്ത് യുഎസ് പ്രസിഡന്‍റായിരുന്നു റിച്ചാർഡ് നിക്സൺ. തന്‍റെ എതിരാളികളെ ബോധ്യപ്പെടുത്തുന്നതിനായാണ് ഈ സിദ്ധാന്തം അദ്ദേഹം പ്രാവർത്തികമാക്കിയത്. നിക്സന്‍റെ വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫ് ആയ ബോബ് ഹാൽഡെമാൻ ആണ് ഈ സിദ്ധാന്തത്തെ ആദ്യമായി മാഡ് മാൻ തിയറി എന്നു വിളിച്ചത്.

''യുദ്ധം നിർത്താൻ എനിക്ക് എന്തും ചെയ്യാൻ കഴിയുന്ന ഒരു ഘട്ടത്തിൽ ഞാൻ എത്തിയിരിക്കുന്നുവെന്ന് വടക്കൻ വിയറ്റ്നാമീസ് വിശ്വസിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ കോപിക്കുമ്പോൾ ആർക്കും എന്നെ തടയാൻ കഴിയില്ല - ഞാൻ ആണവ ബട്ടണിൽ കൈ വച്ചിരിക്കുന്നു. ഹോ ചി മിൻ രണ്ടാഴ്ചയ്ക്കുള്ളിൽ പാരീസിൽ സമാധാനത്തിനായി യാചിക്കും'', അന്ന് നിക്സൺ പറഞ്ഞു.

ഉപദേശകരുമായുള്ള ഇടപെടലുകളിലും ഇതേ നിലപാട് പ്രചരിപ്പിച്ചു.

“ഈ നശിച്ച രാജ്യത്തെ ഞാൻ നശിപ്പിക്കാൻ പോകുന്നു, എന്നെ വിശ്വസിക്കൂ”, നിക്സൺ തന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹെൻറി കിസിംഗറോടു പറഞ്ഞു. അണു ബോംബ് പ്രയോഗിക്കുന്നതാണു നല്ലതെന്നും, അതിനു നിങ്ങൾ തയാറാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഈ തന്ത്രം വെറും വാചാടോപപരമായിരുന്നില്ല. താൻ "ഏറെക്കുറെ ഭ്രാന്തനാണെന്നും" അങ്ങേയറ്റത്തെ ക്രൂരതയ്ക്ക് പ്രാപ്തനാണെന്നും വിദേശ ഉദ്യോഗസ്ഥരെ അറിയിക്കാൻ നിക്സൺ സഹായികൾക്ക് നിർദേശം നൽകി. എതിരാളികളിൽ ഭയവും അനിശ്ചിതത്വവും വളർത്തുക എന്നതായിരുന്നു ലക്ഷ്യം.

ഇതേ തന്ത്രമാണ് ട്രംപ് ഇറാൻ യുദ്ധത്തിലും സ്വീകരിച്ചിരിക്കുന്നത്. യുദ്ധത്തിന്‍റെ ആദ്യ ദിനം തന്നെ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു. ഇത് പശ്ചിമേഷ്യയിലും ആഗോള ഊർജ വിപണികളിലും പെട്ടെന്ന് പ്രതിധ്വനിച്ച വിശാലമായ സംഘർഷത്തിനു കാരണമായി.

തുടർന്നുള്ള ആഴ്ചകളിലെ ട്രംപിന്‍റെ സന്ദേശങ്ങളിലും ചർച്ചകളിലും നിലപാടുകൾ പ്രഖ്യാപിച്ചതിലുമെല്ലാം ഈ മാഡ് മാൻ തിയറി നിറഞ്ഞു നിൽക്കുന്നതു കാണാം. നാശത്തിന്‍റെ വ്യക്തമായ മുന്നറിയിപ്പുകളുമായി സംയോജിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ മിക്ക പ്രസ്താവനകളും. അതിൽ ഏറ്റവും പ്രധാനമായത് "ഇറാനൻ നാഗരികതയെ അപ്പാടെ നശിപ്പിക്കും, അവരെ ശിലായുഗത്തിലേക്ക് തിരിച്ചയക്കും" എന്ന മട്ടിൽ ഉയർത്തിയ ഭീഷണികളാണ്.

ഒരു ഘട്ടത്തിൽ സമൂഹ മാധ്യമത്തിലൂടെ അസഭ്യ വർഷവും അദ്ദേഹം നടത്തിയിരുന്നു.

“ചൊവ്വാഴ്ച ഇറാനിൽ പവർ പ്ലാന്‍റ് ദിനവും പാലം ദിനവും ആയിരിക്കും. ഇതുപോലെയൊന്ന് മുൻപ് കണ്ടിട്ടുണ്ടാകില്ല!!! ഫ**** കടലിടുക്ക് തുറക്കൂ, ഭ്രാന്തൻ ബാ****, നിങ്ങൾ നരകത്തിൽ ജീവിക്കും - ജാഗ്രത! അല്ലാഹുവിന് സ്തുതി.” തുടർന്ന് അദ്ദേഹം സ്വയം നിശ്ചയിച്ച കൃത്യമായ സമയപരിധി പ്രഖ്യാപിച്ചു, “ചൊവ്വാഴ്ച, കിഴക്കൻ സമയം രാത്രി 8:00!”

അത്തരം പ്രസ്താവനകൾക്കൊപ്പം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുടെയും സമയപരിധികളുടെയും ഒരു പൊതു മാതൃകയും ഉണ്ടായിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാനു നൽകിയ അന്ത്യശാസന സമയത്തിൽ ട്രംപ് പലവട്ടം മാറ്റം വരുത്തി, കുറഞ്ഞ സമയപരിധിക്കുള്ളിൽ അനുരഞ്ജന ഭാഷയും ഉന്മൂലന ഭീഷണികളും മാറിമാറി പുറത്തെടുത്തു.

ട്രംപ് ഭ്രാന്ത് പിടിച്ചതുപോലെയുള്ള സമീപനങ്ങളുമായി മുന്നോട്ടു പോയപ്പോൾ, അദ്ദേഹത്തിന്‍റെ ഭരണകൂടം നയതന്ത്ര ഇടപെടൽ പിന്തുടർന്നു. യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും മറ്റ് ഉദ്യോഗസ്ഥരും സമാധാന ചർച്ചകൾ നടത്തി. ട്രംപിന്‍റെ മകളുടെ ഭർത്താവ് ജേർഡ് കുഷ്നറും ഇതിന്‍റെ ഭാഗമാണ്.

സമാധാന ചർച്ചയിലെ യുഎസ് പ്രതിനിധികളെ മറികടക്കുന്ന തീരുമാനങ്ങളെടുക്കാൻ സാധ്യതയുള്ള ഒരു നേതാവിന്‍റെ പ്രതിച്ഛായ നിലനിർത്താൻ ഈ സമീപനം ട്രംപിനെ സഹായിച്ചു. അതുവഴി ഇറാനു മേൽ സമ്മർദം വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മാഡ് മാൻ തിയറിയിലൂടെ താത്കാലിക നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമെങ്കിലും ദീർഘകാല കരാറുകളിലേക്ക് എത്തിച്ചേരാൻ സഹായിച്ചേക്കില്ലെന്നാണ് ചരിത്രം പറയുന്നത്

വിയറ്റ്നാമിൽ നിക്സന്‍റെ ഭ്രാന്തൻ സിദ്ധാന്ത പ്രകാരമുണ്ടായ നടപടികൾ വിമർശനങ്ങൾ നേരിട്ടെങ്കിലും അദ്ദേഹത്തിന്‍റെ നയങ്ങൾ സമാധാനത്തിനായുള്ള പോരാട്ടത്തിന്‍റെയും ആയുധ നിയന്ത്രണത്തിന്‍റെയും വിശാലമായ ചട്ടക്കൂടിന് ദീർഘകാലാടിസ്ഥാനത്തിൽ സംഭാവന നൽകി. എന്നാൽ, ട്രംപ് തുടരുന്ന ഭ്രാന്തൻ സിദ്ധാന്തത്തിലുണ്ടായ അടിയന്തര ഫലം 15 ദിവസത്തെ വെടിനിർത്തൽ മാത്രമാണ്. ഇതൊരു ശാശ്വത പരിഹാരമായി മാറാനുള്ള സാധ്യത ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയും ചെയ്യുന്നു.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു