"അവരെ തിരിച്ചയയ്ക്കൂ"; ലണ്ടനിലെ കുടിയേറ്റ വിരുദ്ധ റാലിയിൽ അണി നിരന്നത് ലക്ഷങ്ങൾ
ലണ്ടൻ: ലണ്ടനിൽ ശക്തിയാർജിച്ച് കുടിയേറ്റ വിരുദ്ധ റാലി. ലക്ഷക്കണക്കിന് പേരാണ് ശനിയാഴ്ച നടന്ന റാലിയിൽ പങ്കെടുത്തത്. വലതു പക്ഷ പ്രവർത്തകനായ ടോമി റോബിൻസണിന്‍റെ നേതൃത്വത്തിലാണ് യുണൈറ്റ് ദി കിങ്ഡം എന്ന പേരിൽ റാലി സംഘടിപ്പിച്ചിരിക്കുന്നത്. പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ 26 പൊലീസുകാർക്ക് പരുക്കേറ്റു. ഇതിൽ ആറു പേരുടെ സ്ഥിതി ഗുരുതരമാണ്. അക്രമം അഴിച്ചു വിട്ടതിന്‍റെ പേരിൽ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബോട്ടുകൾ നിർത്തി അവരെ തിരിച്ചയക്കൂ. നമ്മുടെ കുട്ടികളെ രക്ഷിക്കൂ എന്നെല്ലാം എഴുതിയ ബാനറുകളുമായാണ് പ്രതിഷേധകാരികൾ നിരത്തിലിറങ്ങിയത്. സർക്കാരിനെ വിമർശിച്ചു കൊണ്ട് ടെലിവിഷൻ അവതാരകൻ കാറ്റി ഹോപ്കിൻസ്, ലോറൻസ് ഫോക്സ് എന്നിവരും റാലിയിൽ പങ്കെടുത്തു. ബ്രിട്ടീഷ് പൗരന്മാരേക്കാൾ കൂടുതലായി കുടിയേറ്റക്കാർക്കാണ് കോടതികൾ പ്രാധാന്യം നൽകുന്നതെന്നാണ് ആരോപണം. മുസ്ലിം വിരുദ്ധ സംഘടനായ ഇംഗ്ലിഷ് ഡിഫൻസ് ലീഗിന്‍റെ സ്ഥാപനകനാണ് റോബിൻസൺ. നിലവിൽ ബ്രിട്ടന്‍റെ നാശമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ചെറിയ രീതിയിലുള്ള മണ്ണൊലിപ്പായാണ് തുടക്കം. പക്ഷേ അതു വൈകാതെ ബ്രിട്ടനെ അനിയന്ത്രിതമായ കുടിയേറ്റത്തിലേക്ക് നയിക്കുമെന്ന് റോബിൻസൺ റാലിയെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞു. ഇംഗ്ലിഷ് ചാനൽ കടന്നെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തെച്ചൊല്ലി ബ്രിട്ടനിൽ ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് റാലി.