ഇന്ധനക്ഷാമം; മാലിയിൽ രണ്ടാഴ്ച സ്കൂൾ അവധി
ബമാകോ: ഇന്ധനവിതരണം തടസപ്പെട്ടതിനാൽ സ്കൂളുകൾക്ക് രണ്ടാഴ്ച അവധി പ്രഖ്യാപിച്ച് മാസി സർക്കാർ. വിദ്യാഭ്യാസ മന്ത്രി അമഡോ സാവനേയാണ് ടെലിവിഷനിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ധന ദൗർലഭ്യം സ്കൂൾ ജീവനക്കാരുടെ യാത്രയെ ബാധിക്കുന്നതിനാലാണ് നടപടി. അൽ ഖ്വയ്ദ പിന്തുണയ്ക്കുന്ന ജമാ അത് നുസ്രാത്ത് അൽ ഇസ്ലാം വൽ മുസ്ലിമിൻ എന്ന സംഘടനയാണ് മറ്റു രാജ്യങ്ങളിൽ നിന്നും മാലിയിലേക്കുള്ള ഇന്ധന വിതരണം തടസപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ തുടക്കം മുതൽ തന്നെ ഇന്ധന വിതരണത്തിൽ തടസം നേരിട്ടിരുന്നു. നൂറ് കണക്കിന് ഇന്ധന ട്രക്കുകളാണ് മാലിയുടെ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്ധന വിതരണം തടസപ്പെട്ടതോടെ രാജ്യത്തിന്‍റെ സാമ്പത്തിക മേഖല വലിയ തകർച്ചയിലേക്ക് അടുക്കുകയാണ്.
മാലിയും അയൽ രാജ്യങ്ങളായ ബുർകിന ഫാസോ, നൈഗർ എന്നിവർ ഭീകരസംഘടനകൾ പിന്തുണ നൽകുന്ന സായുധ സംഘങ്ങളുമായും പ്രാദേശിക വിമത സംഘവുമായും നിരന്തരം സംഘർഷത്തിലാണ്.
സൈന്യത്തിന്‍റെ സഹായത്തോടെ ചില ഇന്ധന ട്രക്കുകൾ രാജ്യത്തെത്തിക്കാൻ മാലിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ ഭൂരിഭാഗവും അതിർത്തിയിൽ തന്നെ തടയപ്പെട്ടിരിക്കുകയാണ്. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും വൈകാതെ തടസങ്ങൾ നീക്കി ഇന്ധന ലഭ്യത ഉറപ്പാക്കുമെന്നുമാണ് സർക്കാർ ഉറപ്പു നൽകുന്നത്.