12ാം വയസിൽ വിഴുങ്ങിയ ടൂത്ത്ബ്രഷ് 64ാം വയസിൽ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു
ബീജിങ്: 12 വയസുള്ളപ്പോള് വിഴുങ്ങിയ ടൂത്ത് ബ്രഷ് 52 വർഷങ്ങള്ക്കു ശേഷം ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത് ചൈനീസ് സ്വദേശി. യാങ് എന്ന 64കാരന്‍റെ വയറ്റിൽ നിന്നാണ് വർഷങ്ങളുടെ പഴക്കമുള്ള ടൂത്ത് ബ്രഷ് നീക്കം ചെയ്തത്. വയറു വേദന മൂലം ആശുപത്രിയിലെത്തിയ യാങ്ങിനെ പരിശോധിച്ച ഡോക്റ്റർമാരാണ് ചെറുകുടലിൽ 17 സെന്‍റീമീറ്റർ നീളമുള്ള ടൂത്ത് ബ്രഷ് കണ്ടെത്തിയത്. ഇതോടെയാണ് ശസ്ത്രക്രിയ ചെയ്യാന് തീരുമാനിച്ചത്.
പന്ത്രണ്ടാം വയസിൽ താൻ അബദ്ധത്തിൽ ടൂത്ത് ബ്രഷ് വിഴുങ്ങിയിരുന്നുവെന്ന് യാങ് ഓർമിക്കുന്നു. വഴക്കു പറയുമെന്ന് പേടിച്ച് അന്ന് മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞില്ല. ടൂത്ത് ബ്രഷ് വയറ്റിൽ കിടന്ന് ദഹിക്കുമെന്നായിരുന്നു യാങ് കരുതിയിരുന്നത്. പക്ഷേ ടൂത്ത് ബ്രഷ് വർഷങ്ങളോളം അതേ അവസ്ഥയിൽ തന്നെ തുടർന്നു. 80 മിനിറ്റ് നീണ്ടു നിന്ന എൻഡോസ്കോപിക് ശസ്ത്രക്രിയയിലൂടെയാണ് ടൂത്ത് ബ്രഷ് പുറത്തെടുത്തത്.
കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ ഒരാളുടെ വയറ്റിൽ നിന്ന് ഇത്ര നീളമുള്ളൊരു വസ്തു ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്യുന്നത് ഇതാദ്യമായാണെന്ന് ഡോക്റ്റർമാർ പറയുന്നു. ടൂത്ത് ബ്രഷ് ചെറുകുടലിനുള്ളിലൂടെ സഞ്ചരിച്ചിരുന്നുവെങ്കിൽ അതു മൂലം മാരകമായ മുറിവുകൾ ഉണ്ടാകുമായിരുന്നു. എന്നാൽ ഭാഗ്യവശാൽ പതിറ്റാണ്ടുകളോളമായി അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു ബ്രഷ് എന്നും ഡോക്റ്റർമാർ.