മുജ്തബ ഖമനേയി

 

File

World

മുജ്തബ ഖമനേയിയുടെ കാൽ മുറിച്ചു മാറ്റി

ഇറാൻ പരമാധീന നേതാവ് മുജ്തബ ഖമനേയിക്ക് ബോംബാക്രമണത്തിൽ ഗുരുതര പരുക്കേറ്റിരുന്നു എന്ന് റിപ്പോർട്ട്; കാൽ മുറിച്ചു മാറ്റി, മുഖത്തും ഗുരുതരമായി പൊള്ളലേറ്റു

MV Desk

ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് ശേഷം അധികാരത്തിലെത്തിയ മുജ്തബ ഖമനേയി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല; മുദ്രവച്ച കത്തുകളിലൂടെയാണ് ആശയവിനിമയം. ആരോഗ്യസ്ഥിതി മോശമായതോടെ IRGCയുടെ നിയന്ത്രണം ശക്തമായി, സിവിലിയൻ നേതൃത്വത്തെ മറികടന്ന് സൈന്യം പ്രധാന നയതന്ത്ര നീക്കങ്ങൾ നിർണ്ണയിക്കുന്നു. യുഎസുമായുള്ള വെടിനിർത്തൽ തുടരുമ്പോഴും ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ചർച്ചകൾ അനിശ്ചിതത്വത്തിലാണ്.

ടെഹ്‌റാൻ: യുഎസും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഇറാന്‍റെ പരമാധീന നേതാവ് മുജ്തബ ഖമനേയി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ അദ്ദേഹത്തിന്‍റെ മുഖത്ത് ഗുരുതരമായി പൊള്ളലേൽക്കുകയും ഒരു കൈ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഒരു കാൽ നഷ്ടപ്പെട്ട ഖമനേയി ഇപ്പോൾ കൃത്രിമ കാൽ ഘടിപ്പിക്കാനായുള്ള കാത്തിരിപ്പിലാണെന്ന് യുഎസ് മാധ്യമങ്ങൾ പറയുന്നു.

യുദ്ധവും വെടിനിർത്തൽ ചർച്ചകളും തുടരുന്ന സാഹചര്യത്തിൽ, ഖമനേയിയുടെ ആരോഗ്യസ്ഥിതി രാജ്യത്തിന്മേലുള്ള അദ്ദേഹത്തിന്‍റെ നിയന്ത്രണത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹം മാനസികമായി പ്രാപ്തനാണെങ്കിലും, ശാരീരിക അവശതകൾ നേരിട്ടുള്ള ഇടപെടലുകൾക്ക് തടസമാകുന്നുണ്ട്.

ഭരണത്തിൽ സ്വാധീനമുറപ്പിച്ച് IRGC

ഖമനേയിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ ഭരണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ (IRGC) സ്വാധീനം വർധിക്കുന്നതായാണ് നിരീക്ഷകർ പറയുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഖമനേയിക്ക് നിലവിൽ വളരെ കുറഞ്ഞ സമ്പർക്കം മാത്രമേയുള്ളൂ. അദ്ദേഹത്തിന്‍റെ പിതാവ് ആയത്തുള്ള അലി ഖമനേയിയെപ്പോലെ ഭരണത്തിൽ പൂർണ അധികാരം മുജ്തബ ഖമനേയിക്കില്ലെന്നും അദ്ദേഹം റെവല്യൂഷണറി ഗാർഡിനു വിധേയനാണെന്നും ഇന്‍റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ അലി വേസ് അഭിപ്രായപ്പെട്ടു.

ഭരണപരമായ പ്രധാന തീരുമാനങ്ങൾ പലപ്പോഴും ഖമനേയിയുടെ അനുവാദമില്ലാതെ തന്നെ സൈന്യം നടപ്പാക്കുന്നുണ്ട്. ഇസ്ലാമാബാദിൽ യുഎസുമായി നടത്താനിരുന്ന ചർച്ചകൾ തടഞ്ഞതിൽ ഐആർജിസി നിർണായക പങ്കുവഹിച്ചു. പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി എന്നിവരടങ്ങുന്ന സിവിലിയൻ നേതൃത്വത്തിന്‍റെ തീരുമാനങ്ങളെ മറികടന്നായിരുന്നു സൈനിക നീക്കം.

ആശയവിനിമയം കത്തുകളിലൂടെ

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുജ്തബ ഖമനേയിയെ ഇറാൻ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്. അധികാരമേറ്റ ശേഷം അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ പരസ്യമായി പ്രസ്താവനകൾ നടത്തുകയോ ചെയ്തിട്ടില്ല.

മുദ്രവച്ച കത്തുകൾ വഴിയാണ് നിലവിൽ ഖമനേയി ആശയവിനിമയം നടത്തുന്നത്. സൈനിക ജനറൽമാർക്ക് കൂടുതൽ പ്രാധാന്യമുള്ള ഒരു 'ബോർഡ്' രീതിയിലുള്ള ഭരണസംവിധാനമാണ് ഇറാനിൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.

ഇറാനും അമേരിക്കയും തമ്മിൽ നിലവിൽ അനിശ്ചിതകാല വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുകയാണ്.

പാമ്പുകളെയും വിഷബാധയെയും കുറിച്ചുള്ള ബോധവത്കരണം സജീവമാക്കുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: പെരമ്പൂരിൽ വിജയ്‌ക്ക് ജയസാധ‍്യതയെന്ന് ഡിഎംകെയുടെ വിലയിരുത്തൽ

'നിയുക്ത മുഖ‍്യമന്ത്രി വി.ഡി. സതീശന് അഭിവാദ‍്യങ്ങൾ'; തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ

പുന്നപ്രയിൽ റെയിൽവേ ട്രാക്കിന് അരികിൽ അജ്ഞാത മൃതദേഹം: പൊലീസ് അന്വേഷണം ആരംഭിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ദുരന്ത ഭൂമിയിൽ നിന്നും തലയും കൈയുടെ ഭാഗങ്ങളും കണ്ടെത്തി